സിന്ധൂ നദീതട മനുഷ്യർ പന്നിയുടെയും പോത്തിൻ്റെയും ഇറച്ചികൾ ഭക്ഷിച്ചിരുന്നൂവെന്ന് വ്യക്തമാക്കുന്ന പഠനവുമായി ഗവേഷകർ

ന്യൂഡൽഹി: സിന്ധൂ നദീതട നാഗരികതയിലെ ആളുകൾക്ക് സമ്മിശ്ര ഭക്ഷണമുണ്ടായിരുന്നു എന്നതിൻ്റെ തെളിവുകൾ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ഗവേഷകർ. പന്നി, പോത്ത്, ആട് എന്നിവയുടെ മാംസം സിന്ധൂ നദീതട മനുഷ്യർ ഭക്ഷിച്ചിരുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ പുരാതന മൺപാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇതിൻ്റെ വ്യക്തമായ തെളിവുകൾ ഗവേഷകർക്ക് ലഭിച്ചത്. പഠനം ദക്ഷിണേന്ത്യ യിലെ പുരാതന ഭക്ഷണ രീതികളെക്കുറിച്ചുള്ള പുതിയ അറിവാണ് ചരിത്ര ഗവേഷകർക്ക് പകർന്നു നൽകുന്നത്.

ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിലാണ് പുതിയ പ്രബന്ധം പ്രസിദ്ധീകരച്ചിട്ടുള്ളത്. ഒന്നിലധികം സിന്ധു സൈറ്റുകളിൽ നിന്നുമുള്ള മൺപാത്രങ്ങളിൽ ‘ലിപിഡ്’ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു .

“സിന്ധൂനദീതട കാലഘട്ടത്തിലെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ മുമ്പത്തെ പഠനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട് , എന്നാൽ ലിപിഡ് അവശിഷ്ട വിശകലനങ്ങൾ ഭക്ഷ്യവസ്തുക്കളെയും മൺ പാത്രങ്ങളുടെ സാംസ്കാരിക ഉപയോഗത്തെയും കുറിച്ച് അറിയാൻ ഞങ്ങളെ സഹായിക്കുന്നു. മൺപാത്രങ്ങളിലെ ഈ പഠനം പാൽ ഉൽപന്നങ്ങൾ, മാംസം, സസ്യാഹാരം എന്നിവയ്ക്ക് രാസ തെളിവുകൾ നൽകുന്നു ”
ഗവേഷക സംഘാംഗമായ അക്ഷയ് സൂര്യനാരായണൻ പറയുന്നു.

“സിന്ധൂ നാഗരികതയിലെ ആളുകൾ മിശ്രിത ഭക്ഷണം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ധാരാളമായി ഞങ്ങൾക്ക് ലഭിച്ചു. അതിൽ ധാരാളം സസ്യ ഉൽ‌പന്നങ്ങളുണ്ട്, ഒപ്പം മാംസം, ശുദ്ധജല സമുദ്രജല വിഭവങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.

“സിന്ധൂ നദീതട സംസ്കാരത്തിൻ്റെ പ്രാരംഭത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ വിശാലമാക്കുന്നതിനുള്ള ഒരു പ്രധാന തുടക്കമായി ഇത് മാറുന്നു” പൂനെയിലെ ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറും ഹാരപ്പൻ ആർക്കിയോളജിയിലെ വിദഗ്ധനുമായ പ്രഭോദ് ശിർവാൽക്കർ പറഞ്ഞു.

ആധുനിക പാകിസ്താൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടന്നിരുന്ന പ്രാചീന നാഗരികതകളിലൊന്നാണ് സിന്ധുനദീതട സംസ്കാരം.

പുതിയ പഠനത്തിനായി, ഇന്ത്യ, സ്പെയിൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ ഹരിയാനയിലും ഉത്തർപ്രദേശിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ വരണ്ട അലൂവിയൽ സമതലങ്ങളിലുമുളള ഏഴ് സൈറ്റുകളാണ് തിരഞ്ഞെടുത്തത്. ഈ പ്രദേശം നാഗരികതയുടെ ‘കിഴക്കൻ ഡൊമെയ്‌നെ’ പ്രതിനിധീകരിക്കുന്നു.

ഇന്നത്തെ കാലാവസ്ഥയ്ക്ക് സമാനമായ ഒന്നാകാം അന്നുമുണ്ടായിരുന്നത് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുള്ള വേനൽക്കാലവും തണുത്ത ശൈത്യകാലവും മുൻകാലങ്ങളിലും നിലവിലുണ്ടായിരുന്നു. സിന്ധു സൈറ്റുകളിൽ കാണപ്പെടുന്ന മൃഗങ്ങളുടെ അസ്ഥികളിൽ എരുമ, ആട്, മാൻ, പന്നി, പക്ഷികൾ, മത്സ്യം എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ കന്നുകാലികളുടെ അസ്ഥികളാണ് ഏറെയും.

172 മൺപാത്ര ശകലങ്ങൾ സംഘം വിശകലനം ചെയ്തു. അതിൽ ചുട്ടുതിളക്കുന്ന ഭക്ഷണത്തിന്റെ ലിപിഡുകൾ ശേഖരിക്കാവുന്ന പാത്രങ്ങളുടെ റിംസ്, പ്രാചീന ഗ്രാമീണ – നഗര മേഖലകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിന്ധൂ പാത്രങ്ങളിലെ ജൈവ അവശിഷ്ടങ്ങളിലെ ലിപിഡുകൾ അവർ വിശകലനം ചെയ്തു. ലിപിഡ് വിശകലനം ഗവേഷകരെ പുല്ല് തിന്നുന്ന മൃഗങ്ങളുടെ മാംസത്തെയും അല്ലാത്തവയെയും വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഇതിന് മാസ് സ്പെക്ട്രോമെട്രിയാണ് ഉപയോഗിച്ചത്. ഇത് സാമ്പിളിലെ അയോണുകളുടെ മാസ്-ടു-ചാർജ് അനുപാതത്തെ വ്യക്തമാക്കുന്നു. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, സാമ്പിളിലെ വ്യത്യസ്ത ആറ്റങ്ങളുടെയും തന്മാത്രകളുടെയും പിണ്ഡം നിർണ്ണയിക്കാൻ ഗവേഷകർക്ക് സാധിച്ചു.

പാത്രങ്ങളിൽ ലിപിഡ് അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ സാന്ദ്രത കുറവാണെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. പാലുൽപ്പന്നങ്ങളും പന്നികളെപ്പോലുള്ള മൃഗങ്ങളുടെ കൊഴുപ്പും സിന്ധു പാത്രങ്ങളിലെ പാചകത്തിന്റെ ഭാഗമാണെന്നും സംഘം നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →