സ്വര്‍ണ്ണ കടത്ത്‌ കേസിലെ പ്രതികളുടെ ഒരുകോടി 85 ലക്ഷം രൂപ ഇഡി കണ്ടുകെട്ടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന, സരിത്‌, സന്ദീപ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെ പണവും സ്വപ്‌നയുടെ ലോക്കറില്‍ നിന്ന്‌ ലഭിച്ച പണവും ഇഡി കണ്ടുകെട്ടി. ലോക്കറിലെ പണം ശിവശങ്കറിന്‍റേതാണെന്നതിന്‌ തെളിവ്‌ ലഭിച്ചതായി ഇഡി പറയുന്നു. ഇത്‌ വടക്കാഞ്ചേരി ലൈഫ്‌ മിഷന്‍ പദ്ധതിക്കായി സ്വപ്‌ന വഴി ലഭിച്ച പണമാണ്‌. ശിവശങ്കറിനെിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ്‌ ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ ഇഡി കണ്ടുകെട്ടിയത്‌.

പൂവാര്‍ സഹകരണബാങ്ക്‌, കരമന ആക്‌സിസ്‌ ബാങ്ക്‌, മുട്ടത്തറ സര്‍വീസ്‌ സഹകരണ ബാങ്ക്‌, കേരള ഗ്രാമീണ്‍ ബാങ്ക്‌, എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്‌. ശിവശങ്കറിന്‍റെ കുറ്റ പത്രത്തിലും ഇക്കാര്യങ്ങള്‍ ഇഡി സൂചിപ്പിക്കും. മാത്രമല്ല സ്വര്‍ണ്ണകടത്തിലെ ഗൂഡാലോചനയില്‍ അടക്കം ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളും കുറ്റ പത്രത്തില്‍ ഉണ്ടാവും .

ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാവും മുമ്പ്‌ കുറ്റപത്രം നല്‍കാനാണ്‌ ഇഡി നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന്‌ ശിവശങ്കറിന്‌ അര്‍ഹത ഉണ്ടാവില്ല. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ചോദ്യം ചെയ്യലിന്‌ പിന്നാലെ ശിവശങ്കര്‍ അറസ്‌റ്റിലായത്‌.

ലൈഫ്‌മിഷന്‍ കോഴയിടപാട്‌ അടക്കമുളളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ ഇഡിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സ്വപ്‌നയുടെ പേരിലണ്ടായിരുന്ന ബാങ്ക്‌ അക്കൗണ്ടുകളല്‍ ന്നിന്നും ലോക്കറില്‍ നിന്നു ലഭിച്ച പണവും സ്വര്‍ണ്ണവും മാത്രമാണ്‌ ഇഡിക്ക് തെളിവായി ലഭിച്ചിട്ടുളളത്‌. ഈ സാഹചര്യത്തിലാണ്‌ ശിവശങ്കറിന്റെ പരമ്പരാഗതമായ സ്വത്ത്‌ ഒഴികെയുളള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇഡി നടപടികള്‍ ആരംഭിച്ചിട്ടുളളത്‌. ബിനാമി പേരുകളിലേക്ക്‌ സ്വത്തുകള്‍ മാറ്റിയിട്ടുണ്ടാവണമെന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →