മലയാളത്തിലെ പ്രശസ്ത കവയത്രിയും കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തക സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ മുതല്‍ ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു അവര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രശ്നമായിമാറിയത്.
സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര്‍ മാസികയുടെ പത്രാധിപ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമുഹിക അനീതികള്‍ക്കെതിരായും പ്രവര്‍ത്തിക്കുകയും തൂലിക പടവാളാക്കി പൊരുതിയ കവിയത്രിയാണ്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ച അവര്‍ അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് നല്‍കിയ സംഭാവനകള്‍ പലതാണ്.
1934 ജനുവരി 3ന് തിരുവനന്തപുരത്ത് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനും വി.കെ. കാര്‍ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. ഗജേന്ദ്രമോക്ഷം,കാളിയ മര്‍ദ്ദനം,കൃഷ്ണ നീയെന്നെ അറിയില്ല, നന്ദി,ഒരു സ്വപ്നം,പവിഴമല്ലി,പെണ്‍കുഞ്ഞ്, മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്

