ശബരിമല: ശബരിമലയില്‍ 20.12.2020 ഞായറാഴ്‌ച മുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ചില്ല. ഓണ്‍ലൈന്‍ ബുക്കിംഗിന് പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം തുറന്നു നല്‍കാഞ്ഞതിനാല്‍ ഞായറാഴ്‌ചത്തെ സന്ദര്‍ശനത്തിനുളള അവസരങ്ങള്‍ നഷ്ടപ്പെടാനാണ് സാദ്ധ്യത ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്നവര്‍ക്കുമാത്രമേ ഇത്തവണ സന്ദര്‍ശനത്തിന് അനുമതിയുളളു. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തെങ്കിലേ ബുക്കിംഗ് തുടങ്ങാനാവൂ. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 2000പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000പേര്‍ക്കുമാണ് സന്ദര്‍ശനാനുമതിയുള്ളത്.
ശബരിമലയില്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും കോവിഡ് കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അനുമതി നല്‍കിയിരുന്നില്ല. ഡിസംബര്‍ 26ന് ശേഷം ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുളളിലുളള ആര്‍ടിപിസി ആര്‍, ആര്‍ട്ടിലാംപ് , എക്‌സ്‌പ്രസ് നാറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും നിലക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം .
നിലവില്‍ 24 മണിക്കൂറിനകമുളള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ആര്‍ടിപിസി നെഗറ്റീവ് സര്‍ട്ടിപിക്കറ്റ് ഹാജരാക്കണമന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ആര്‍ടിപിസിആര്‍, ആര്‍ട്ടിലാംപ്, എക്‌സപ്രസ് നാറ്റ് പരിശോധനകള്‍ നടത്താനുളള സൗകര്യം നിലയ്‌ക്കലില്‍ ഇല്ല. ഈ സൗകര്യം നിയ്‌ക്കലില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ചെലവ് കൂടിയതും കാലതാമസമുളളതുമാണ് ഈ പരിശോധനകള്‍. പരിശോധനക്ക് ഒരാള്‍ക്ക് 2100 രൂപ മുതല്‍ 2700 രൂപ വരെ ചെലവ് വരുന്നതുമാണ്.
അതേസമയം തീര്‍ത്ഥാടകരുടെ എണ്ണംകൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ അതിനനുസരിച്ച് ശബരിമലയിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുമെന്ന് ദേവസ്വം ബോര്‍ഡധികൃതരും പോലീസും പറയുന്നു.