കര്‍ഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് ബിജെപി സഖ്യകക്ഷിയായ ലോക് താന്ത്രിക് നേതാവ് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചു

ന്യൂഡൽഹി: കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും രാജിവെച്ച് രാജസ്ഥാന്‍ നഗൗര്‍ എം.പിയും രാഷ്ട്രീയ ലോക് താന്ത്രിക് നേതാവുമായ ഹനുമാന്‍ ബെനിവാള്‍.

കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നല്‍കിയതായും ബെനിവാള്‍ പറഞ്ഞു.

അംഗമായിരുന്ന എല്ലാ പാര്‍ലമെന്ററി കമ്മിറ്റികളിലും ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ സങ്കടമുണ്ട്. ഈ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല, ബെനിവാള്‍ പറഞ്ഞു.

നേരത്തെയും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ബെനിവാള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കാര്‍ഷിക ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →