ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കൂടുതൽ ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് പിന്തുണ തേടി കര്‍ഷക സംഘടനകള്‍ രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രാജ്യവ്യാപകമായി കര്‍ഷകര്‍ ഞായറാഴ്ച (20/12/2020) രക്തസാക്ഷി ദിനം ആചരിച്ചു.
ഡല്‍ഹിയുടെ അതിര്‍ത്തിയിൽ നടത്തുന്ന പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് കിസാന്‍ സംഘര്‍ഷ് സമിതി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചത്. വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിന്തുണ തേടിയത്. തിങ്കളാഴ്ച(21/12/2020) മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് നാലായിരം കര്‍ഷകര്‍ പ്രക്ഷോഭമേഖലയിലേക്ക് തിരിക്കും. രാജസ്ഥാനില്‍ നിന്ന് രണ്ട് ലക്ഷം കര്‍ഷകരെ പങ്കെടുപ്പിക്കാനാണ് ശ്രമം.