കൊച്ചി: ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച ചെറുപ്പക്കാരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. മന:പ്പൂർവം നടിയെ പിന്തുടർന്നതാണോ എന്നും സംശയിക്കുന്നു. രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്. മറ്റൊരാള്ക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളില്‍ പ്രവേശിച്ചത് എന്ന് പോലിസ് പറയുന്നു. യുവാക്കൾ മാസ്ക്ക് ഉപയോഗിച്ചതിനാലാണ് കണ്ടെത്താൻ വൈകുന്നത്. ആലുവ മുട്ടത്തേക്ക് ഇരുവരും മെട്രോയിലാണ് മടങ്ങിപ്പോയത് എന്ന് വ്യക്തമായിട്ടുണ്ട്. മുട്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
19-12-2020 ശനിയാഴ്ച കേസില്‍ വനിതാ കമ്മീഷന് നടിയില്‍ നിന്നും തെളിവെടുക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച നടിയുടെ അമ്മയുടെ മൊഴി പോലീസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രമുഖ ഷോപ്പിംഗ് മാളിൽ രണ്ടു യുവാക്കൾ യുവനടിയെ പിന്തുടർന്ന് ശരീരത്തിൽ സ്പർശിച്ച് അപമാനിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയതോടെ കളമശേരി പോലീസും വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുക്കുകയായിരുന്നു.

