കോഴിക്കോട്: വെൽഫെയർ പാർട്ടിയും യു ഡി എഫും സഖ്യത്തിലാണെന്നും, ജമാഅത്തെ ഇസ്ലാമി എന്നാൽ വർഗീയതയുടെ മറുപേരാണെന്നുമെല്ലാമായിരുന്നു 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ രാഷ്ട്രീയ പ്രചരണത്തിലെ പ്രധാന ആരോപണങ്ങൾ. സി പി എമ്മിന്റെ ഈ പ്രചരണങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുതൽ എം എം ഹസൻ വരെയുള്ളവർക്ക് സാധിച്ചതുമില്ല.
ഈ അവസരത്തിലാണ് സി പി എമ്മിന്റെ ഈ ജമാഅത്തെ ഇസ്ലാമി വിരോധത്തിൻ്റെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന ഒരു ലേഖനം ചർചയാകുന്നത്.
കഴിഞ്ഞ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മുമായി നടത്തിയ ധാരണകളും ചര്‍ച്ചകളും ജമാഅത്തെ ഇസ്ലാമി നേതൃത്വം തന്നെ വെളിപ്പെടുത്തിയിരുന്നു. മാധ്യമം ദിനപത്രത്തില്‍ ‘സി.പി.എമ്മിന്റെ ജമാഅത്ത് ഫോബിയ’ എന്ന പേരില്‍ എഡിറ്ററും ജമാഅത്ത് സൈദ്ധാന്തികനുമായ ഒ അബ്ദുറഹ്മാന്‍ എഴുതിയ ലേഖനത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലുണ്ടാക്കിയ ധാരണകളെക്കുറിച്ചും 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എം ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ധാരണകളുണ്ടാക്കിയിരുന്നുവെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
‘2009ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കണ്ട് വിശദമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജമാഅത്തിന്റെ പിന്തുണ നേടുകയും ചെയ്തു. അതുപ്രകാരം സി.പി.എം സ്ഥാനാര്‍ഥികളില്‍ പലരെയും ജമാഅത്ത് പിന്തുണച്ചു.’
ലേഖനം പറയുന്നു.
ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍വെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്‍ എസ്.ക്യു.ആര്‍. ഇല്യാസ്, ജമാഅത്തിന്റെ അന്നത്തെ അഖിലേന്ത്യ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ എന്നിവര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ പലയിടങ്ങളിലും ഇത്തരത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ജമാഅത്തിന്റെ പിന്തുണയോടെ പലയിടങ്ങളിലും സി.പി.എം ഭരണം നടത്തുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
ഈ ലേഖനത്തിൽ വന്ന ആരോപണങ്ങളോട് സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയം. വെൽഫെയർ ബന്ധത്തെ പ്രതി പ്രതിക്കൂട്ടിൽ സ്വയം കയറി നിന്ന യു ഡി എഫ് ഇത്തരം വസ്തുതകളെ കൃത്യമായി നിരത്തി പ്രതിരോധിക്കുകയും ചെയ്തില്ല.

