4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടി: വ്യാജ കോള്‍ സെന്റര്‍ സംഘം അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ കോള്‍ സെന്റര്‍ വഴി വിദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ തലസ്ഥാനത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലിസ് പറഞ്ഞത് ഇങ്ങനെയാണ്: പോലീസ്, കസ്റ്റംസ്, ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ്, യുഎസ് മാര്‍ഷല്‍സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിദേശികളെ ഫോണില്‍ വിളിക്കുകയും ക്രൈം നടന്ന സ്ഥലത്ത് നിന്ന് വിദേശിയുടെ തിരിച്ചറില്‍ രേഖ ഉള്‍പ്പെടെ കിട്ടുമെന്ന് അറിയിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം.

ഉടന്‍ അറസ്റ്റിലാവുമെന്നും മയക്കുമരുന്ന് കടത്തലുകളുമായി അവരുടെ അക്കൗണ്ടുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമുള്ള ഭീഷണിയും ഇവര്‍ മുഴക്കാറുണ്ട്. അതോടെ ഇതില്‍ നിന്ന് രക്ഷനേടാന്‍ ഇരകള്‍ പണം നല്‍കും. അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്നവരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. ദുബൈയില്‍ നിന്നാണ് വ്യാജ കോള്‍ സെന്ററിന്റെ സൂത്രധാരന്‍ പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് അറിയിച്ചു.

സെന്ററില്‍ നടത്തിയ പരിശോധനയില്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 54 പേരാണ് അറസ്റ്റിലായതെന്ന് ഡിസിപി (സൈബര്‍ ക്രൈം യൂണിറ്റ്) അനീഷ് റോയ് പറഞ്ഞു. കോള്‍ സെന്ററില്‍ നിന്ന് 89 ഡെസ്‌ക്ടോപ്പുകളും പോലീസ് കണ്ടുകെട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →