തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റെയും ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യുവിന്റെയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ് കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നല്കാന് ലോക ബാങ്കും ജര്‍മ്മന്‍ ബാങ്കും തയ്യാറായത്.
പദ്ധതികളുടെ ഫലം വിലയിരുത്തി അഞ്ചുവര്ഷകാലയളവിലേക്കുളള സഹായമാവും ലോക ബാങ്ക് രണ്ടാം ഘട്ടത്തില്‍ നല്‍കുക. റീബില്‍ഡ് കേരളയുടെ വികസന പദ്ധതികള്‍ക്കൊപ്പം സംസ്ഥാന ആരോഗ്യ മിഷന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹായം വിനിയോഗിക്കാനാവും. 2021 ഏപ്രിലില്‍ ലോകബാങ്കുമായി വായ്പ്പാ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലവിതരണം, ശുചീകരണം, കാലാവസ്ഥാ ബന്ധിത നഗര വികസനം ദുരന്ത നിവാരണ ഇന്‍ഷുറന്‍സും ഫിനാന്‍സിംഗും എന്നിവക്കാണ് ജര്‍മ്മന്‍ ബാങ്കിന്റെ സഹായം ലഭ്യമാവുക. ഈ മാസം 18ന് കെഎഫ് ഡബ്ല്യുവുമായി കരാര്‍ ഒപ്പുവയ്ക്കും. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഉള്‍പ്പടെയുളള മറ്റ് ഏജന്‍സികളുമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റീബില്‍ഡ് കേരള സിഇഒ ആര്‍കെ സിംഗ് അറിയിച്ചു.
ആദ്യഘട്ട സഹായം എന്ന നിലയില്‍ ലോക ബാങ്ക് 1779 കോടി രൂപയാണ് റീബില്‍ഡ് കേരളയ്ക്ക് നല്‍കിയത്. ജര്‍മ്മന്‍ ബാങ്ക് 170 മില്ല്യണ്‍ യൂറോയും നല്കി. നവംബര്‍ 25 വരെയുളള കണക്കുകള്‍ പ്രകാരം 7192.78 കോടി രൂപയുടെ പദ്ധതികള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 12 വകുപ്പുകള്‍ മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. 3755 .79 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ടെന്റര്‍ ചെയ്യുകയും 2831.41 കോടി രൂപയുടെ കരാര്‍ നല്‍കുകയും ചെയ്തു. 509. 90 കോടി രൂപ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വിതരണം ചെയ്തു. 2019 മുതല്‍ 2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണ് റീബില്‍ഡ് കേരളയില്‍ ആസൂത്രണം ചെയ്തിട്ടുളളത്.

