ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിനേഷന് ആരംഭിക്കാന്‍ തയ്യാറായി അമേരിക്ക. ആദ്യത്തെ ഡോസ് ആര്‍ക്കാണ് ലഭിക്കുകയെന്ന് കൃത്യമായി അറിയില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്സിംഗ് ഹോം അന്തേവാസികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ജര്‍മനി രോഗ വ്യാപനത്തെ തുടര്‍ന്ന് ഭാഗിക ലോക്ക് ഡൗണ്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മോഡേണ വികസിപ്പിച്ച കോവിഡ് വാക്സീന്റെ 100 മില്യണ്‍ ഡോസുകള്‍ കൂടി വാങ്ങാനാണ് യുഎസ് തീരുമാനം. ഇതോടെ യുഎസ് വാങ്ങിയ മൊത്തം മോഡേണ കോവിഡ് വാക്സീന് ഡോസുകളുടെ എണ്ണം 200 മില്യണ്‍ ആകും. 100 മില്യണ്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കാന് ഇത് മതിയാകും. 2021 ജൂണ്‍ മാസത്തോടെ മോഡേണയില്‍ നിന്ന് 100 ദശലക്ഷം കോവിഡ് വാക്സീന് ഡോസുകള്‍ കൂടി വാങ്ങുന്നതോടെ വാക്സീന് വിതരണം കൂടുതല്‍ വിപുലീകരിക്കുന്നതായി യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലക്സ് അസര്‍ പറഞ്ഞു. 2021 ന്റെ രണ്ടാം പാദത്തോടെ പുതിയ ഓര്‍ഡര്‍ നല്‍കുമെന്നും ആദ്യ ഓര്‍ഡര്‍ ആദ്യ പാദത്തോടെ പൂര്‍ത്തിയാകുമെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
വാക്സിന് ലഭ്യമായ ഉടന്‍ തന്നെ കുത്തിവയ്പ് നടത്തുമെന്ന് എഫ്ഡിഎ മേധാവി സ്റ്റീഫന്‍ ഹാന്‍ ശനിയാഴ്ച വാഷിംഗ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ അംഗീകാരത്തോടെ, ഞങ്ങളുടെ ഫെഡറല്‍ പങ്കാളികള്‍ ഇതിനകം തന്നെ വാക്സിനുകളുടെ ആദ്യ ഡോസുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഹാന്‍ പറഞ്ഞു.

