ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്നും ഇതിന് പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്നും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ .കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിന് നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

കേന്ദ്ര ഏജന്‍സികളുടെ കസറ്റഡിയിലായിരിക്കുമ്പോഴും കേരള പോലീസാണ് സ്വപ്‌നക്ക് കാവലിനുളളത്. കൊച്ചിയിലും ഇഡി കസ്റ്റഡിയിലിരിക്കെ 5 വനിത പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ഫോണ്‍ സ്വപ്‌നക്ക് കൈമാറുകയും ചെയ്‌തെന്നാണ് വിവരം. മറുവശത്താരാണെന്ന് പറഞ്ഞിരുന്നില്ലെന്ന് സ്വപ്‌ന അറിയിച്ചു. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണ് ചോര്‍ന്നതെന്നും സ്വപ്‌ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും, കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്‌ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സന്ദേശത്തിലുളളത്.

നീക്കത്തിന് പിന്നിലുളള എല്ലാവരേയും കണ്ടെത്തി കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര ഏജന്‍സികളുടെ സംയുക്ത തീരുമാനം. ശബ്ദ സന്ദേശം ചോര്‍ന്നതിനെക്കുറിച്ച് ജയില്‍ ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്നോട്ടുപോയില്ല. സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ അവസരമില്ലാതിരുന്നതാണ് കാരണം. അട്ടക്കുളങ്ങര ജയിലില്‍ വെച്ചല്ല സംഭവമെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →