മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ പോളിംഗ് പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് പ്രശ്നങ്ങളുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്തുന്നതിനൊപ്പം പോള്‍ മാനേജര്‍ ആപ്പ്, പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് എന്നിവ ഇവിടെ നിരീക്ഷിക്കും. ഞായര്‍ രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പോളിംഗ് അവസാനിക്കുന്നതുവരെ തുടരും. റവന്യൂ-പഞ്ചായത്ത് ജീവനക്കാരാണ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ ചുമതലയിലുള്ളത്. പോള്‍ മാനേജര്‍ നോഡല്‍ ഓഫീസര്‍ അസീഫ് റെജു, സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. അബ്ദുല്‍ നാസര്‍, എന്‍ഐ സി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ. പി പ്രതീഷ് എന്നിവരാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105355

