ന്യൂഡല്‍ഹി: അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞ് കര്‍ഷകര്‍. ഹിസാറിലും കര്‍ണാലിലും ടോള്‍പ്ലാസകളില്‍ പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്‍എച്ച് -44 ലെ ബസ്താര ടോള്‍ പ്ലാസയും കര്‍ണാല്‍-ജിന്ദ് എന്‍എച്ച് -709 എയിലെ പിയോണ്ട് ടോള്‍ പ്ലാസയുമാണ് കര്‍ഷകര്‍ ഏറ്റെടുത്തത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കര്‍ഷകര്‍ ബസ്തറ ടോള്‍ പ്ലാസ അടച്ചെങ്കിലും ടോള്‍ അധികൃതര്‍ ശനിയാഴ്ച രാവിലെ ഇത് വീണ്ടും തുറന്നു. അതോടെ രാവിലെ എട്ടുമണിയോടെ കര്‍ഷകര്‍ വീണ്ടും പ്ലാസ വളയുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നതുവരെ ഞങ്ങള്‍ പ്രതിഷേധം തുടരുമെന്ന് കര്‍ഷകനായ ജോഗീന്ദര്‍ സിംഗ് പറഞ്ഞു. പ്രക്ഷോഭത്തില്‍ എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
രണ്ടാം ഘട്ടത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തയാര്ജ്ജിക്കുന്ന കാഴ്ചയാണ് കാണുന്നത്. കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ചാണ് പ്രക്ഷോഭം മുന്നോട്ട് പോവുന്നത്. ജയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിച്ചും അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞും കര്‍ഷകര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും സമരം വ്യാപിച്ചത്. ഇന്ന് മുതല്‍ ഡല്‍ഹി- ജയ്പൂര്‍ ഹൈവേ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്സ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളിലും ട്രക്കുകളിലുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചു. ആയിരം പൊലിസുകാരെ ഗുഡ്ഗാവ് അതിര്‍ത്തിയിലും 3500 പൊലിസുകാരെ ഫരീദാബാദിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി വിന്യസിച്ചത്. മാസങ്ങള്‍ കഴിയാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിലെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ആഗ്ര ഹൈവേയില്‍ റോഡുകള്‍ ഉപരോധിച്ച കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. നിയമം കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതു തള്ളിയാണ കര്‍ഷകര്‍ തെരുവിലറിങ്ങിയത്.

