ന്യൂഡല്‍ഹി: ഗുരുതരമല്ലാത്ത കോവിഡ് ചികിത്സയ്ക്ക് ഓസോണ്‍ തെറാപ്പി 77 ശതമാനം വരെ ഫലപ്രദമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഓസോണ്‍ ഫോറം ഓഫ് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തിലാണ് രോഗം ബാധിച്ച ആദ്യ അഞ്ച് ദിവസങ്ങളില്‍ കോവിഡ് -19 കേസുകളില്‍ ഓസോണ്‍ തെറാപ്പി വിജയകരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.ആദ്യ അഞ്ച് ദിവസങ്ങളില്‍ 77 ശതമാനം വിജയമാണ് ചികിത്സയില്‍ കാണിക്കുന്നതെന്ന് ഓസോണ്‍ ഫോറം ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. മിലി ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചിന്വാഡിലെ ബിസ്ലെറി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലോക്മന്യ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെയും സംരംഭമാണ് ഓസോണ്‍ ഫോറം ഓഫ് ഇന്ത്യ.ഈ ചികിത്സ ” ശരീരത്തിലെ രക്തചംക്രമണം, ഉപാപചയം എന്നിവ മെച്ചപ്പെടുത്തുകയും പൊതുവായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ഓസോണ്‍ ഫോറം ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജിഗ്നാഷ ക്യാപ്റ്റന്‍ പറഞ്ഞു.
ഓക്സിജന്റെ മറ്റൊരു രൂപമായ ഓസോണ്‍ ചികിത്സയുടെ ഭാഗമായി വാതക രൂപത്തിലോ ദ്രവ രൂപത്തിലോ അണുനശീകരണത്തിനായി ഉപയോഗിക്കുന്നു . വര്‍ഷങ്ങളായി ചികിത്സ രംഗത്ത് ഓസോണ്‍ തെറാപ്പി ഉപയോഗിച്ച് പോരുന്നു, എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകാം എന്ന ഒരു വാദം ഉന്നയിക്കപ്പെട്ടതിനാല്‍ പലപ്പോഴും ഈ ചികിത്സാരീതി അധികമാരും പ്രയോജനപ്പെടുത്താറില്ല. അടഞ്ഞ മുറികളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ അതായത് ആശുപത്രികള്‍ , ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുറഞ്ഞ സാന്ദ്രതയില്‍ ഓസോണ്‍ വാതകം പ്രവഹിപ്പിക്കുന്നത് കൊറോണ വൈറസിനെ നിര്‍വീര്യമാക്കുകയും തന്മൂലം രോഗം പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

