ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് മേലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. എല്ലാ കര്‍ഷക സംഘടനകളും ചേര്‍ന്ന് ഒരു ദിവസം തീരുമാനിക്കട്ടെ, കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, നിയമ ഭേദഗതിയോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയാറാവണം. കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക മേഖലയെയും ഗ്രാമങ്ങളെയും ‘ആത്മനിര്‍ഭര്‍’ (സ്വാശ്രയ) ആക്കാനാണ് സര്‍ക്കാരിന്റെ നിരന്തരമായ ശ്രമം. ”ഗ്രാമങ്ങളും കൃഷിയും സ്വാശ്രയമാകുന്നതുവരെ രാജ്യത്തിന് സ്വാശ്രയമാകാന്‍ കഴിയില്ല,” തോമര്‍ പറഞ്ഞു.പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്സഭയും പാസാക്കിയത്. പുതിയ നിയമം എപിഎംസിയെയോ എംഎസ്പിയെയോ ബാധിക്കുന്നതല്ല. മണ്ഡിമാരില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ വിളകള്‍ മണ്ഡികള്‍ക്കല്ലാതെ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ കഴിയും. ഇത് കര്‍ഷകരെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ പക്കല്‍ വരണമെന്നാണ് എനിക്ക് കര്‍ഷകരോട് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു.നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ശുപാര്‍ശകള്‍ കേന്ദ്രം രേഖാമൂലം നല്‍കിയത്. അത് എത്രയുംവേഗം പരിഗണിക്കണം. കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ചത് ശരിയല്ലെന്നും കൊവിഡിലും കടുത്ത തണുപ്പിലും കര്‍ഷകര്‍ സമരം തുടരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും തോമര്‍ പറഞ്ഞു.

