ന്യൂഡല്‍ഹി: പലസ്തീന്‍-ഇന്ത്യ ടെക്‌നോ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യ 22 കോടി രൂപ നല്‍കി. പദ്ധതിയ്ക്കുള്ള നാലാമത്തെയും അവസാനത്തെയും തുകയാണ് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. ഇതോടെ പലസ്തീന്‍ നഗരമായ റാമല്ലയില്‍ നടക്കുന്ന ടെക്‌നോ പാര്‍ക്കിന്റെ നിർമ്മാണത്തിനായി ഇന്ത്യ ആകെ 88 കോടി രൂപ സംഭാവന ചെയ്തു. പദ്ധതി ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നും 2021 ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഉദ്ഘാടനം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധി സുനില്‍ കുമാറാണ് 3 മില്യണ്‍ ഡോളറിന്റെ ചെക്ക്, പ്രോജക്ട് സൈറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പലസ്തീന്‍ പ്രസിഡന്‍രിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. മജ്ദി അല്‍ ഖല്‍ദിക്ക് കൈമാറിയത്.ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അബ്ദുള്‍ ലത്തീഫ് അബു ഹിജ്ലെ, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ”ഇത് ഇന്ത്യയില്‍ നിന്നുള്ള ഒരു സമ്മാനമാണ്, പദ്ധതി പലസ്തീന്റെ വിവിധ മേഖലകള്‍ക്ക് ഉപകാരപ്പെടും. കൂടാതെ മേഖലയിലെയും ലോകത്തിലെയും ഐടി വിപണികളിലേക്ക് പലസ്തീന്റെ തുടക്കം ഇതായിരിക്കുമെന്നും ഡോ. അല്‍ ഖല്‍ദി ഇന്ത്യയോട് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.

