സ്വപ്നയുടെ മേൽ സമ്മർദ്ദം ഉന്നതരുടെ പേര് പറയാനോ പറയാതിരിക്കാനോ?

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി ഏതാനും ആഴ്ചകൾക്കു മുൻപ് പുറത്തു വന്ന ശബ്ദരേഖയിൽ അവർ പറയുന്നത് മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു. ജയിലിൽ നിന്നാണോ പുറത്തെവിടെ നിന്നെങ്കിലുമാണോ ഈ ശബ്ദരേഖ റെക്കോഡ് ചെയ്തത് എന്ന സംശയം അവശേഷിക്കുകയാണെങ്കിലും ശബ്ദത്തിന്റെ ഉടമ താൻ തന്നെയാണെന്ന് സ്വപ്ന സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കേണ്ടത് ആരാണെന്നതു സംബന്ധിച്ച് പോലീസും ജയിൽ വകുപ്പും തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ ‘ തൽക്കാലം ആരും അന്വേഷിക്കേണ്ടതില്ല’ എന്ന വിചിത്രമായ തീർപ്പിൽ എത്തിച്ചേർന്ന മട്ടിലാണ് കാര്യങ്ങൾ ഉള്ളത്.

എന്തായാലും കേന്ദ്ര ഏജൻസികൾ ബി ജെ പി ക്കു വേണ്ടി സംസ്ഥാന സർക്കാരിനെ വേട്ടയാടുകയാണ് എന്നു പറഞ്ഞ സി പി എമ്മോ ആഭ്യന്തര വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനോ സ്വപ്നയുടെ ശബ്ദരേഖയുടെ നിജസ്ഥിതി തുറന്നുകാട്ടാൻ വലിയ താൽപര്യമില്ല എന്നു വേണം കരുതാൻ.

ഇത്തരമൊരു സാഹചര്യത്തിലാണ് ഡോളർ കടത്തിൽ രഹസ്യമൊഴി നൽകാനെത്തിയ സ്വപ്ന സുരേഷ് തന്റെ വിവാദമായ ശബ്ദരേഖയ്ക്ക് നേർ വിപരീതമായ ഒരു കാര്യം കോടതിയെ ബോധിപ്പിക്കുന്നത്. ശബ്ദരേഖയിൽ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ധമുണ്ട് എന്നായിരുന്നു എങ്കിൽ കോടതിയോട് സ്വപ്ന പറഞ്ഞത് ഉന്നതരുടെ പേര് പറയാതിരിക്കാൻ തന്നെ ചിലർ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നാണ്. ഇവരിൽ നിന്നും തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ ബോധിപ്പിച്ചു. ഭീഷണിയുമായി വന്നവർ ജയിൽ ഉദ്യോഗസ്ഥരാണോ പൊലീസാണോ എന്ന് തനിക്കറിയില്ലെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ജയിലിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന സ്വപ്നയുടെ ആവശ്യം പരിഗണിച്ച കോടതി ചൊവ്വാഴ്ച (08/12/2020) രാത്രിയോടെ സ്വപ്ന സുരേഷിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു.

സ്വപ്നയുടെ മൊഴിയിലെ ചില ഉന്നതരുടെ പേര് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കോടതി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് വധഭീഷണിയുണ്ടെന്ന പരാതി കൂടി വരുന്നത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ പഴയ ശബ്ദരേഖയിൽ അന്വേഷണം നടക്കേണ്ടതും അനിവാര്യമാവുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →