തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗിയായ തന്നെ ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് യുവതി.
കടുത്ത പനി ബാധിച്ച് എഴുന്നേല്‍ക്കാന്‍ കഴിയാതെ മൂത്രത്തില്‍ നനഞ്ഞ് താൻ മൂന്ന് ദിവസം കിടക്കേണ്ടി വന്നു എന്നും യുവതി ആരോപിക്കുന്നു.ആരോഗ്യാവസ്ഥ മോശമായിട്ടും പരിചരണം കിട്ടിയില്ലെന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് യുവതി ആരോപിക്കുന്നത്.
പനിയും ശ്വാസംമുട്ടും കടുത്തത് മൂലം 2020 നവംബർ 26 നാണ് കോവിഡ് പൊസിറ്റീവായ വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറാം വാർഡിൽ പ്രവേശിപ്പിച്ചത്.തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിട്ടും അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്പ് നടത്തുകയും തുടരുകയും ചെയ്തു.അതോടെ ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് ലക്ഷ്മി പറയുന്നത്.
കിടക്കയില്‍ തന്നെ മൂത്രമൊഴിക്കേണ്ടി വന്നു. തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്മി പറയുന്നു. ഇപ്പോള്‍ കോവിഡ് നെഗറ്റീവ് ആയെങ്കിലും തന്റെ ആരോഗ്യം ക്ഷയില്ലെന്ന് യുവതി പറയുന്നു. പുറത്തിറങ്ങി വിദഗ്ധ ചികില്‍സ തേടുന്നതിനൊപ്പം ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കാനൊരുങ്ങുകയാണ് ലക്ഷ്മി.
എന്നാൽ ഇത് യുവതി കെട്ടിച്ചമച്ച് പറയുന്നതാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ യുവതിയുടെ ആരോപണങ്ങൾ തള്ളി.ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്റിബയോട്ടിക്കാണ് നല്‍കിയത്. രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നല്‍കിയെന്നും ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫിസര്‍ പറഞ്ഞു.

