അരുവാപ്പുലം: അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലെ വോട്ടര്‍മാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ 23 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോളനിയിലെ അങ്കണവാടിയില്‍ ബൂത്ത് അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോളനിക്കുളളില്‍ ബൂത്ത് അനുവദിക്കാറില്ല. അതുകൊണ്ട് 23 കിലോമീറ്റര്‍ അകലെയുളള കല്ലേലി തോട്ടത്തിലെ റിക്രിയേഷന്‍ ക്ലബ്ബിലാണ് ഇവര്‍ വോട്ടുചെയ്യാന്‍ എത്തേണ്ടത്.
34 കുടുംബങ്ങളിലായി 112 പേരാണ് ആവണിപ്പാറയില്‍ താമസിക്കുന്നത്. ഇവിടെയുളള 66 വോട്ടര്‍മാരില്‍ 30 പുരുഷന്മാരും 36 സ്‌ത്രീകളുമാണുളളത്. നിയമ സഭ പാര്‍ലമെന്‍റ് ഇലക്ഷനുകളില്‍ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ആദ്യം പുറപ്പെടുന്നതും ആവണിപ്പാറയിലെ ബൂത്തിലേക്കാണ്.

