കൊച്ചി: ഫ്‌ളാറ്റിന്‍റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരിയാണ് ബാല്‍ക്കണിയിലൂടെ സാഹസപ്പെട്ട് ഇറങ്ങാന്‍ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണിവര്‍. ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ഡ്രൈവിലുളള ഹൊറൈസണ്‍ ഫ്‌ളാറ്റിലായിരുന്നു സംഭവം ഫ്‌ളാറ്റ് അസോസിയേഷന്‍ സൈക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ ഇംതിയാസിന്‍റെ ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു ഇവര്‍. അടുക്കളയില്‍ കിടന്നുറങ്ങിയ കുമാരി വാതില്‍ അകത്തുനിന്ന് പൂട്ടിയശേഷം ബാല്‍ക്കണിയിലെ കൈവരിയില്‍ സാരി കെട്ടിയ ശേഷം താഴേക്കിറങ്ങുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇങ്ങനെ താഴേക്കിറങ്ങാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ ഭര്‍ത്താവ് തിങ്കളാഴ്ച കൊച്ചിയിലെത്തും.