പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും.
വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഒരു സമയം ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. പോളിംഗ് ഓഫീസര്‍ ആവശ്യപ്പെടുകയാണെങ്കില്‍ വോട്ടര്‍ മാസ്‌ക് നീക്കി മുഖം കാണിക്കണം.
രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.
മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ ഏതെങ്കിലും വിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍.
ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. ഒരു ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ രേഖപ്പെടുത്തിയതായി കണക്കാക്കാം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക്സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇന്ന് (7) വൈകുന്നേരം മൂന്നിനു ശേഷം പോസിറ്റീവ് ആകുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 8) വൈകിട്ട് ആറിന് മുന്‍പ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9386/instructions-in-polling-booth-.html