മിയാവാക്കി പദ്ധതിയില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം

തിരുവനന്തപുരം: ടൂറിസം വകുപ്പ്‌ നടപ്പാക്കുന്ന മിയാവാക്കി വനവത്‌ക്കരണ പദ്ധതിയില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം. നഗരങ്ങളിലെ ചെറിയ മേഖലകളില്‍ കുറഞ്ഞ കാലം കൊണ്ട്‌ വനം വെച്ചുപിടിപ്പിക്കുന്ന ജാപ്പനീസ്‌ മാതൃകയാണ്‌ മിയാവാക്കി. പദ്ധതി നടപ്പാക്കാന്‍ 5.79 കോടി രൂപയ്‌ക്കാണ്‌ കള്‍ച്ചറല്‍ ഷോപ്പിയെന്ന കണ്‍സോര്‍ഷ്യത്തിന്‌ കരാര്‍ നല്‍കിയത്‌.

നവംബര്‍ 5 ന്‌ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചിരുന്നു. 12 ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിക്കാണ്‌ കള്‍ച്ചറല്‍ ഷോപ്പി‌ ,നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയന്‍,ഇന്‍വിസ്‌ മള്‍ട്ടിമീഡിയ എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന്‌ കരാര്‍ നല്‍കിയത്‌.

നടത്തിപ്പുകാരെ കണ്ടെത്തിയതിന്‌ പിന്നില്‍ പലകളികളും നടന്നതായാണ്‌ ആക്ഷേപം. 2019 ജനുവരിയില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സര്‍ക്കാര്‍ സ്ഥലത്ത് കള്‍ച്ചറല്‍ ഷോപ്പിക്ക്‌ ടൂറിസം വകുപ്പ്‌ മിയാവാക്കി സ്ഥാപിക്കാന്‍ അനുമതി നല്‍കി. കാര്യമായി മുന്‍പരിചയമില്ലാത്ത ഏജന്‍സിക്ക്‌ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു അനുമതി .ഇതിനുശേഷം ആഗസ്റ്റില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാന്‍ ടെന്റര്‍ വിളിച്ചു.

ടെന്ററിലെ വ്യവസ്ഥ തന്നെ ഈ കമ്പനിയെ സഹായിക്കുന്ന വിധത്തിലായിരുന്നു എന്നാണ്‌ ആക്ഷേപം. കേരളത്തില്‍ മിയാവാക്കി പദ്ധതി നടത്തിയതുമാത്രമല്ല സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന്‌ മുമ്പ്‌ എത്രയെങ്കിലും പദ്ധതി നടപ്പാക്കിയവരും ആകണമെന്നായിരുന്നു വ്യവസ്ഥ. സര്‍ക്കാര്‍ ചെലവില്‍ അനുഭവ പരിചയം നേടിയ കള്‍ച്ചറല്‍ ഷോപ്പിക്കുതന്നെ കരാര്‍ കിട്ടാനുളള ഗൂഡ ശ്രമമായിരുന്നു ഇതിന്‌ പിന്നില്‍.

ഒരു സെന്‍റിന് ‌ മൂന്നുലക്ഷം രൂപയാണ്‌ മിയാവാക്കി വനത്തിനായി കള്‍ച്ചറല്‍ ഷോപ്പിക്കു നല്‍കുന്നത്‌. കേരളത്തിന്‌ പുറത്തുനിന്നുളള പലകമ്പനികളും ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മിയാവാക്കി വെച്ചുപിടിപ്പിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ക്രമക്കേട്‌ നടന്നിട്ടില്ലെന്നും ദേശീയ ടെന്റര്‍ വിളിച്ചാണ്‌ കരാര്‍ നല്‍കിയതെന്നുമാണ്‌ ടൂറിസം അധികൃതയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →