പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക്

പത്തനംതിട്ട: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു. ഫാറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് പ്രത്യേകം അപേക്ഷകളോ, മൂന്നും ചേര്‍ത്ത് ഒരു അപേക്ഷയോ നല്‍കിയാലും മതി. ബ്ലോക്ക് പഞ്ചായത്തിന്റെ അസിസ്റ്റന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍മാരായ ബിഡിഒയുടെ ഓഫീസില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കും.

ഒരു അപേക്ഷയില്‍ തന്നെ മൂന്ന് തലത്തിലേക്കുള്ള ബാലറ്റിന് അപേക്ഷിച്ചാലും അവ വരണാധികാരികള്‍ പരിഗണിക്കണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായിരിക്കും. 

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും ഫാറം 16 ലെ സത്യപ്രസ്താവന (മൂന്ന് വീതം), ഫാറം 17 ലെ നിര്‍ദേശങ്ങള്‍( ഒന്ന് വീതം), ഫാറം 18,19 എന്നിവയിലെ കവറുകള്‍(മൂന്ന് വീതം) എന്നിവ ഒന്നിച്ച് വലിയ കവറില്‍ അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റ് ആയോ നല്‍കണം. മുനിസിപ്പാലിറ്റികളില്‍ ഓരോ ബാലറ്റും സത്യപ്രസ്താവനയും കവറുമാണ് ഉണ്ടാവുക. പോസ്റ്റല്‍ ബാലറ്റുകളുടെ മറുപുറത്ത് വരണാധികാരി പോസ്റ്റല്‍ ബാലറ്റ് എന്ന് രേഖപ്പെടുത്തണം. പോസ്റ്റല്‍ ബാലറ്റ് അയച്ചതിന് ശേഷം വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പില്‍ ‘പി.ബി’ എന്നും രേഖപ്പെടുത്തണം.

വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ ക്രമനമ്പര്‍ ബാലറ്റ് പേപ്പറിന്റെ കൗണ്ടര്‍ ഫോയിലില്‍ രേഖപ്പെടുത്തണം. ഫാറം 18,19 കവറുകളുടെ പുറത്ത് അതതു തലത്തിലുള്ള വരണാധികാരികളുടെ മേല്‍വിലാസം രേഖപ്പെടുത്തണം. 18-ാം നമ്പര്‍ കവറിന് (ചെറിയ കവര്‍) പുറത്ത് അയയ്ക്കുന്ന ബാലറ്റ് പേപ്പറിന്റെ ക്രമനമ്പര്‍ കൂടി രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയ ശേഷം സത്യപ്രസ്താവന ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി തപാല്‍ വഴിയോ ( സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല ) ആള്‍വശമോ വരാണാധികാരിക്ക് എത്തിക്കാം.

ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്പെഷ്യല്‍ ബാലറ്റിനും ഇത് ബാധകമാണ്. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ എല്ലാ കവറുകളും വോട്ടെണ്ണല്‍ ആരംഭിക്കുന്നതുവരെ വരണാധികാരി ഭദ്രമായി സൂക്ഷിക്കണം. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വരണാധികാരികള്‍ കൈപ്പറ്റിയ സമയവും തീയതിയും രേഖപ്പെടുത്തി തുറക്കാതെ പ്രത്യേക പായ്ക്കറ്റില്‍ സൂക്ഷിക്കണം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9368/Kerala-Local-Body-Election-2020;-Postal-Vote.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →