ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടത്തിയ പ്രസ്താവനക്കെതിരെ വിദേശകാര്യ മന്ത്രാലയ വാക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. കൂടാതെ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയിരുന്നു.
ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. അവരെ പിന്തുണക്കേണ്ട സമയം എന്നാണ് സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. സിഖ്മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 551ാം ജന്മവാര്ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഞങ്ങള്‍ക്കറിയാം. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. സംഭാഷണ ചര്‍ച്ചകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത് -അദ്ദേഹം പറഞ്ഞു.
ഇതിനിടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു വേണ്ടി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അതിനവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വാക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായികുന്നു അദേഹം

