ആലപ്പുഴ: കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ലോക്കപ്പില്‍ നിന്ന് ഓടി രക്ഷപെട്ടു. ശനിയാഴ്ച (5/12/2020)പുലര്‍ച്ചെ 5.30 നാണ് സംഭവം. മണ്ണഞ്ചേരി കണ്ടത്തില്‍വെളയില്‍ എം നസ്ലം,എം.നജീം എന്നിവരാണ് രക്ഷപെട്ടത്. 25 ഗ്രാം കഞ്ചാവും 4.41.ഗ്രാം എംഡിഎം ഉം കൈവശം വച്ചതിന് മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇവരെ കഴിഞ്ഞ വെളളിയാഴ്ച പിടികൂടിയത്.
പ്രതികളുടെ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടിഡി. ദിപു, ജോര്‍ജ് പൈവ എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച പുലര്‍ച്ചെ ശൗചാലയത്തില്‍ പോകണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ലോക്കപ്പിന്റെ വാതില്‍ തുറന്നത്.ഈ തക്കം നോക്കി ഉദ്യോഗസ്ഥരെ തളളിയിട്ട് പ്രതികള്‍ ഓടി മറയുകയായിരുന്നു. പരിസര പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് സൗത്ത് പോലീസില്‍ പരാതി നല്‍കിയതായി അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

