മുംബൈ: മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങള്‍ക്ക് ജാതി അടിസ്ഥാനമാക്കി നല്‍കിയിരിക്കുന്ന പേരുകള്‍ മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ചൊവ്വാഴ്ച(01/12/2020) ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പേരുകള്‍ മാറ്റാന്‍ തീരുമാനമായത്.
മഹര്‍-വാഡ, ബൗദ്ധ്-വാഡ, മംഗ്-വാഡ, ബ്രാഹ്മണ-വാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ സാധാരണമായി ഉപയോഗിച്ചുവരുന്നവയാണ്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ പ്രദേശമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടെന്നും ഇതൊഴിവാക്കാനാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

