കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനായി വയനാട് ജില്ല ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 5090 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ആകെ 848 പോളിംഗ് സ്‌റ്റേഷനുകളിലായി 4240 പോളിംഗ് ഉദ്യോഗസ്ഥരേയും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 850 ഉദ്യോഗസ്ഥരെ റിസര്‍വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവര്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ ബാലറ്റ് എത്തിക്കുന്നതിനുളള പ്രത്യേക പോളിംഗ് ഓഫീസര്‍മാരെ ഇതുകൂടാതെ നിയമിക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായി 749 പോളിംഗ് ബൂത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളില്‍ 99 ബൂത്തുകളുമാണ് തെരഞ്ഞെടെുപ്പിനായി സജ്ജീകരിച്ചിട്ടുളളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുളളത് നെന്മേനി, പനമരം, പഞ്ചായത്തുകളിലാണ്,46 വീതം. ഏറ്റവും കുറവ് ബൂത്തുകളുളളത് തരിയോട് , വെങ്ങപ്പളളി, പഞ്ചായത്തുകളില്‍ 13 വീതം. ബൂത്തുകളില്‍ ഭിന്ന ശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു പോളിംഗ് ബൂത്തില്‍ ഒരു പ്രിസൈഡിംഗ് ഓഫീസറും ഒരു ഫസ്റ്റ് പോളിംഗ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസര്‍മാരും ഒരു പോളിംഗ് അസിസ്‌റ്റന്‍റും ഉള്‍പ്പടെ അഞ്ചുപേരാണ് ഡ്യൂട്ടിയിലുണ്ടാവുക. ആകെ 848 പ്രിസൈഡിംഗ് ഓഫീസര്‍മാരും 848 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 1696 പോളിംഗ് ഓഫീസര്‍മാരും 848 പോളിംഗ് അസിസ്‌റ്റന്‍റ് മാരും ഡ്യൂട്ടിയിലുണ്ടാവും.
കോവിഡ് രോഗ പാശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നല്‍കാന്‍ ഒരു പോളിംഗ് അസിസ്‌റ്റന്‍റിനെ ഇത്തവണ കൂടുതലായി നിയമിച്ചിട്ടുണ്ട്. ആകെ 1206 വോട്ടിംഗ് മെഷീനുകളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിലേക്ക് 935 കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടിപോസ്‌റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടിപോസ്‌റ്റ് ഇലക്ട്രോണിക് യന്ത്രങ്ങള്‍ . നഗരസഭകളില്‍ ഉപയോഗിക്കുക സിംഗിള്‍ പോസ്‌റ്റ് ഇലക്ട്രോണിക്ക് യന്ത്രങ്ങളാണ് . എല്ലാ വോട്ടിംഗ് യന്ത്രങ്ങളുടേയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പ് വരണാധികാരികളുടെ നേതൃത്വത്തില്‍ ബാലറ്റ് ലേബല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാപിച്ച് തെരഞ്ഞെുപ്പിനായി സജ്ജമാക്കും.

