ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്ന സ്ഥിതിയില്‍ പ്രധാന നയനിരക്കുകളുടെ അടിസ്ഥാനത്തില്‍ ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തില്‍ (+, 2%) നിയന്ത്രിച്ച് നിര്‍ത്തുന്നത് റിസര്‍വ് ബാങ്ക് തുടരാന്‍ സാധ്യത. ഡിസംബര്‍ 4 ന് ധനകാര്യ നയ സമിതി (എംപിസി) അടുത്ത ധനനയ അവലോകനം അവതരിപ്പിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന പ്രവചനം.
സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ പണപ്പെരുപ്പം 7.61 ശതമാനമായിരുന്നു. 2014 മെയ്ക്ക് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറില്‍ 7.27 ശതമാനമായിരുന്നു. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ഒക്ടോബറില്‍ 11.07 ശതമാനമായി ഉയര്‍ന്നു, സെപ്റ്റംബറില്‍ ഇത് 10.68 ശതമാനമായിരുന്നു. ഒക്ടോബറില്‍ ഇറച്ചി, മത്സ്യം മുതലായവയിലെ പണപ്പെരുപ്പം 18.7 ശതമാനമായും പച്ചക്കറി വില 22.51 ആയും ഉയര്‍ന്നു. വസ്ത്ര, പാദരക്ഷകളുടെ പണപ്പെരുപ്പം ഒക്ടോബറില്‍ 3.17 ശതമാനമായിരുന്നു.
പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും വിലക്കയറ്റം എല്ലാ പ്രധാന ഭക്ഷ്യ ഘടകങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്. ഇത് പലിശനിരക്കിന്റെ നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയേക്കാം, നിരക്ക് നടപടിയേക്കാള്‍ ദ്രവ്യത വ്യവസ്ഥയില്‍ റിസര്‍വ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥ അസാധാരണമായ സാമ്പത്തിക സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്നതും ഒരു വസ്തുതയാണ്, അതിനാല്‍ താരതമ്യേന ഉയര്‍ന്ന വിലനിലവാരം പ്രതീക്ഷിക്കാം. എന്നാല്‍ സ്ഥിരമായി ഉയര്‍ന്ന പണപ്പെരുപ്പം സ്വതന്ത്ര ദ്രവ്യത കുറയ്ക്കുന്നതിനാല്‍ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാന്‍ പ്രേരണ നല്‍കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

