കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ മാപ്പുസാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തൽ. പാമ്പു പിടുത്തക്കാരന്‍ സുരേഷ്‌കുമാറാണ് സൂരജിന് പ്രതികൂലമായ മൊഴി നൽകിയത്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ടാണ് അത് ചെയ്തതെന്നും സൂരജ് പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. 1-12-2020 ചൊവ്വാഴ്ച കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി എം മനോജ് മുമ്പാകെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
2020 ഫെബ്രുവരി 12നാണ് സൂരജ് തന്നെ ആദ്യമായി വിളിക്കുന്നത്. ചാത്തന്നൂരിൽ വന്ന് നേരിട്ട് കണ്ടു. പാമ്പിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനായി ഫെബ്രുവരി 26 ന് പ്രതിയുടെ വീട്ടിൽ വന്നു. ബോധവൽക്കരണ ക്ലാസിനായി കൊണ്ടുവന്ന അണലിയെ പതിനായിരം രൂപ കൊടുത്ത് സൂരജ് വാങ്ങി. പരിസരത്ത് മറ്റ് പാമ്പുകൾ ഉണ്ടോ എന്ന് പരിശോധിച്ചു. ക്ലാസിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസം കൈകാര്യം ചെയ്തു. മാർച്ച് 21 ആം തീയതി സൂരജ് വീണ്ടും വിളിച്ചു. കൈവശമുണ്ടായിരുന്ന അണലി പ്രസവിച്ചു എന്നും അതിന്റെ കുഞ്ഞിനെ തിന്നുന്ന മൂർഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ള സമയമായിരുന്നു. അതിനാൽ 7000 രൂപ വാങ്ങി മൂർഖനെ കൊടുത്തു. പിന്നീട് സൂരജ് വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പത്രത്തിൽ വായിച്ചിട്ടാണ് ഉത്രയുടെ മരണ വാർത്ത അറിയുന്നത്. വിവരം അറിയുവാൻ സൂരജിനെ വിളിച്ചെങ്കിലും കിട്ടിയില്ല. അടുത്ത ദിവസം സൂര്യ തിരിച്ചുവിളിച്ചു ഭാര്യയുടെ മരണവാർത്ത അറിയിച്ചു. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപമെന്നു താൻ ചോദിച്ചപ്പോൾ ഇതു സര്‍പ്പദോഷമായി വിചാരിച്ചോളുമെന്നായിരുന്നു സൂരജ് പറഞ്ഞത്. സംഭവം ആരോടും പറയരുതെന്നും ഇല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. വിവരം പൊലീസില്‍ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ കഴിഞ്ഞില്ല. സഹതടവുകാര്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ സത്യം ബോധിപ്പിക്കുന്നത്. സുരേഷ് മൊഴിനല്‍കി. ഉത്രയുടെ മരണശേഷം സൂരജ് തന്നെ വിളിച്ചിരുന്നു എന്നും സുരേഷ് പറഞ്ഞു.
ഉത്രയെ കൊല്ലുകയെന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്നും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഉത്രയ്ക്ക് പാമ്പു കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും സുരേഷ് പറയുന്നു. അപ്പോഴാണ് സൂരജ് ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പാമ്പിനെ വില്‍പന നടത്തിയതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു.
ഉത്ര കൊല്ലപ്പെട്ട് ആറ് മാസം പിന്നിട്ടപ്പോഴാണ് ഇന്നലെ കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും കോടതിയിലെത്തിയിരുന്നു.