ലക്നൗ: ഉത്തര്‍പ്രദേശിൽ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഗ്രാമ മുഖ്യൻ്റെ മകനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമമുഖ്യന്‍റെ മകൻ റിങ്കു മിശ്ര, സുഹൃത്തുക്കളായ ലളിത് മിശ്ര, അക്രം അലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്‍ത്തകന്‍ 37 കാരനായ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് 34കാരന്‍ പിന്‍റു സാഹുവുമാണ് കൊല്ലപ്പെട്ടത്.
.
മദ്യപിക്കാനെന്ന പേരിൽ എത്തിയ പ്രതികൾ ഇവരുടെ മേൽ സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുക യായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകട മരണമാക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പൊലീസ് പറഞ്ഞു
26-11-2020 വെള്ളിയാഴ്ചയാണ് വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ലക്‌നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തിലാണ് സംഭവം.
രാകേഷിൻ്റെ ബല്‍റാംപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. പിന്‍റു സാഹു ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് തന്നെ മരിച്ചിരുന്നു. ലക്‌നൗ ആശുപത്രിയില്‍ വച്ചാണ് രാകേഷ് സിങ് നിര്‍ഭിക്ക് മരിച്ചത്.
ആശുപത്രി അധികൃതരോട് മരണത്തിന് തൊട്ടുമുന്‍പ് രാകേഷ് സിഭ് നിര്‍ഭിക്ക് നൽകിയ മൊഴിയാണ് നിർണായകമായത്. 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുറത്തുവന്നത് കേസിന് വഴിത്തിരിവായി.ഗ്രാമമുഖ്യന്‍റെയും മകന്‍റെയും അഴിമതിയെ കുറിച്ച് താന്‍ സ്ഥിരമായി വാര്‍ത്ത നല്‍കിയിരുന്നുവെന്നും സത്യം പറഞ്ഞതിന് തനിക്ക് കിട്ടിയ സമ്മാനമാണ് ഇതെന്നുമാണ് രാകേഷ് സിങിന്‍റെ നിര്‍ഭിക്കിന്‍റെ മൊഴി.
അക്രം അലി ഇത്തരം കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാന്‍ വിദഗ്ധനായതിനാല്‍ റിങ്കു മിശ്ര അക്രം അലിയുടെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

