ഡിസംബര്‍ 11ന് സമരം പ്രഖ്യാപിച്ച് അലോപ്പതി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഐഎംഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രതിഷേധം. കോവിഡ്, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയട്ടുണ്ട്. കേന്ദ്ര തീരുമാനത്തിനെതിരെ നടപടികള്‍ തുടങ്ങാനും ഐഎംഎ തീരുമാനിച്ചു. 58 ശസ്ത്ര ക്രിയകള്‍ ചെയ്യാനാണ് ആയുഷ് മന്ത്രാലയം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്.

ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഈ അനുമതിയിലൂടെ സാധിച്ചത്. ശല്ല്യതന്ത്ര, ശാലാകൃതന്ത്ര, എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍ മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്ര ക്രിയകള്‍ നടത്താം. ആയുര്‍വേദത്തില്‍ യോഗ്യതയുളളവരില്ലാത്തതിനാല്‍ ആധുനീക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണം. എന്നാല്‍ ഇത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്.

പ്രസവ ശസ്ത്ര ക്രിയയില്‍ പരിശീലനം നല്‍കാനുളള നീക്കത്തെ നേരത്തേതന്നെ ഐഎംഎ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയിലാണ് ഈ സാഹചര്യത്തിലാണ് നിയമപരമായ നീക്കം എന്നതിനേക്കാള്‍ ഐഎംഎ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. രാജ്യമൊട്ടാകെ ചികിത്സ തന്നെ മുടക്കിയുളള ശക്തമായ സമരരിപാടികള്‍ക്കാണ് ആലോചന.

ആധുനീക വൈദ്യശാസ്ത്രത്തില്‍ ശസ്ത്രക്രിയ സ്‌പെഷ്യാലിറ്റികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും മൂന്നുമുതല്‍ ആറുവര്‍ഷം വരെ പ്രായോഗിക പരിശീലനം നേടുന്നിടത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങിനെ എത്രകാലം പരിശീലനം നേടുമെന്നതടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇവര്‍ ചെയ്യുന്ന ശസ്ത്രക്രിയകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തുടര്‍ ചികിത്സ, രോഗിയുടെ ഉത്തരവാദിത്തം എന്നിവ സംബന്ധിച്ചും അന്തിമ തീരുമാനമാകണം. ശസ്ത്രക്രിയക്കിടയിലോ ശേഷമോ അത്യാഹിതം സംഭവിച്ചാല്‍ രോഗിക്ക് എങ്ങനെ വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്നതിലും വ്യക്തതയില്ല .അതേസമയം എല്ലാവര്‍ക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് കേന്ദ്രനിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →