പോസ്റ്റല്‍ വോട്ട് ഡിസംബര്‍ രണ്ട് മുതല്‍

എറണാകുളം: കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള പോസ്റ്റല്‍ വോട്ടിങ്ങ് ജില്ലയില്‍ ഡിസംബര്‍ 2 ന് ആരംഭിക്കും. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റുമടങ്ങുന്ന സംഘം നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്ന ആളുകള്‍ക്ക് നേരിട്ടെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പടെയുള്ളവ ഉദ്യോഗസ്ഥര്‍ കൈമാറു. വോട്ട് രേഖപ്പെടുത്താന്‍ വിസമ്മതിച്ചാല്‍ ഉദ്യോഗസ്ഥര്‍ ആ വിവരം നിശ്ചിത ഫോമില്‍ രേഖപ്പെടുത്തും.

പോസ്റ്റൽ വോട്ടിങ് രേഖപ്പെടുത്തിയ ശേഷം കവറുകളിൽ ഇട്ട് ഒട്ടിച്ച കവറുകൾ സ്പെഷ്യൽ റിട്ടേണിങ് ഓഫീസർക്ക് തിരികെ നൽകണം. വോട്ടുകൾ രേഖപെടുത്തിയ ശേഷം റിട്ടേണിങ് ഓഫീസർമാർക്ക് രജിസ്റ്റേർഡ് ആയി അയക്കാനും സൗകര്യമുണ്ട്. സമ്മതിദായകന്റെ പേരും തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളും ഒപ്പും പോളിങ് ഉദ്യോഗസ്ഥർ രെജിസ്റ്ററിൽ രേഖപ്പെടുത്തണം. വോട്ടിങ്ങിനു ശേഷം പൂരിപ്പിച്ച കൗണ്ടർ ഫോയ്‌ലുകൾ ഉദ്യോഗസ്ഥർ സൂക്ഷിച്ചു വെക്കണം. ഓരോ ദിവസവും രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ റിട്ടേണിങ് ഓഫീസർക്ക് കൈമാറും. വോട്ടുകൾ രേഖപ്പെടുത്തിയ ശേഷം കവറുകളിൽ ഇട്ട് കൃത്യമായി ഒട്ടിച്ചു വേണം ഉദ്യോഗസ്ഥർക്ക് തിരികെ കൈമാറാൻ.

ജില്ലയില്‍ പോസ്റ്റല്‍ വോട്ടിങ്ങ് നിര്‍വ്വഹിക്കുന്നതിനായി 150 ടീം ഉദ്യോഗസ്ഥരെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 30 ടീമുകള്‍ റിസര്‍വ്വ് വിഭാഗത്തിലാണ്. സ്പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്പെഷ്യല്‍ പോളിങ്ങ് അസിസ്റ്റൻറുമടങ്ങുന്നതാണ് ഒരു ടീം. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍ക്ക് ആവശ്യമെങ്കില്‍ പോലീസിന്റെയും സഹായം തേടാം. പ്രിസൈഡിങ്ങ് ഓഫീസറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ആണ് സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍ ആയി നിയമിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ടീമും മുന്‍സിപ്പാലിറ്റികളിലേക്ക് രണ്ട് ടീമുകള്‍ വീതവും കോര്‍പ്പറേഷനിലേക്ക് 9 ടീമുകളെയുമാണ് നിയോഗിക്കുന്നത്. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍ ആയി നിയമിക്കുന്ന ആള്‍ ചുമതലയുള്ള പ്രദേശത്തെ താമസക്കാരനോ ജോലിക്കാരനോ അല്ല എന്ന് റിട്ടേണിങ്ങ് ഓഫീസര്‍ ഉറപ്പ് വരുത്തണം.

ജില്ല ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അനുവാദം ലഭിക്കുന്നത്. തിരഞ്ഞെടുപ്പിന് തലേ ദിവസം വൈകീട്ട് മൂന്നു മണി വരെയാണ് പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കില്ല.

പോസ്റ്റല്‍ വോട്ടിങ്ങിനായി ഉദ്യോഗസ്ഥര്‍ എത്തുന്നവിവരം വോട്ടറെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും മുന്‍കൂറായി അറിയിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →