ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27/11/20 വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും സന്തോഷിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കാരണം വ്യക്തമല്ലെന്നാണ് പോലീസും പറഞ്ഞത്.
അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഐ സി യുവില്‍ ചികിത്സയിലാണ് അദ്ദേഹം. പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്.

