കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജി എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിൽ സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകൾ രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു.സ്വത്ത് വിവരം സംബന്ധിച്ച് മുഴുവൻ രേഖകളും ശേഖരിച്ചിട്ടായിരിക്കും ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത്.ഒരുമാസത്തിനുള്ളിൽ ഷാജിയുമായി ബന്ധപ്പെട്ട മുഴുവന് വിവരങ്ങളും ബാങ്ക് ഇടപാടുകളും വിജിലൻസ് സംഘം നേരിട്ട് പരിശോധിക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കോടതിയെ സമീപിച്ച അഭിഭാഷകൻ ഹരീഷിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. ചോദ്യം ചെയ്യൽ സംബന്ധിച്ച് വിജിലൻസ് അന്തിമ തീരുമാനമെടുക്കുന്നത് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും .
ഈ മാസം പത്തിനാണ് അഭിഭാഷകന് ഹരീഷിന്റെ പരാതിയിൽ ഷാജിക്കെതിരെ അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഷാജിയുടെ വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടായതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളമില്ലാത്ത എം.എൽ.എയായി തുടരുമ്പോഴും ഷാജിയുടെ വരുമാനത്തിന് കുറവില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

