സിഡ്നി: കോവിഡിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ്ക്കു മുന്നിൽ 66 റൺസിന്റെ തോൽവി. സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റിന് 374 എന്ന കൂറ്റൻ സ്കോറാണ് കുറിച്ചത്. ഇന്ത്യക്കെതിരെ ഓസീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്കോറായിരുന്നു ഇത്. മറുപടിയുമായിറങ്ങിയ ഇന്ത്യയ്ക്ക് 8 വിക്കറ്റിന് 308 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ (76 പന്തില്‍ 90) പോരാട്ടമായിരുന്നു ഇന്ത്യയെ 300 കടത്തിയത്. 66 പന്തില്‍ 105 റണ്ണടിച്ചുകൂട്ടിയ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.
കോവിഡിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമായി കാണികള്‍ സ്റ്റേഡിയത്തിലെത്തി. സ്മിത്തിനൊപ്പം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (124 പന്തില്‍ 114), ഡേവിഡ് വാര്‍ണര്‍ (76 പന്തില്‍ 69), ഗ്ലെന്‍ മാക്സ്വെല്‍ (19 പന്തില്‍ 45 റണ്‍) എന്നിവര്‍ തകര്‍ത്തടിച്ചു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു.
മറുപടിക്കെത്തിയ ഇന്ത്യയെ ജോഷ് ഹാസെല്‍വുഡ് തളര്‍ത്തി. മായങ്ക് അഗര്‍വാള്‍ (18 പന്തില്‍ 22), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (21 പന്തില്‍ 21), ശ്രേയസ് അയ്യര്‍ (2 പന്തില്‍ 2) എന്നിവരെ ക്ഷണനേരം കൊണ്ട് ഹാസെല്‍വുഡ് കൂടാരത്തിലേക്ക് പറഞ്ഞുവിട്ടു. ലോകേഷ് രാഹുലിനെ (15 പന്തില്‍ 12) ആദം സാമ്ബയും പുറത്താക്കിയതോടെ ഇന്ത്യ 4–101 എന്ന നിലയിലായി. ശിഖര്‍ ധവാന്‍ (86 പന്തില്‍ 74)–പാണ്ഡ്യ സഖ്യമാണ് കരകയറ്റിയത്.
ഇരുവരെയും മടക്കി സാമ്പ ഓസീസിന് അനായാസജയം നല്‍കി. സാമ്പ നാലു വിക്കറ്റെടുത്തു. രണ്ടാം മത്സരം സിഡ്നിയില്‍ ഞായറഴ്ച(29/11/2020) നടക്കും.

