സാമുവേല്‍ പാറ്റിയുടെ കൊല: നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ കുറ്റം ചുമത്തി ഫ്രാന്‍സ്

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഫ്രാന്‍സ് കുറ്റം ചുമത്തി. 13നും 14നും ഇടയില്‍ പ്രായമുള്ള മൂന്നു പേര്‍ക്കെതിരേയും പാറ്റി ചാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഉപയോഗിച്ചതിനെതിരേ ഓണ്‍ലൈന്‍ കാമ്പെയ്ന്‍ ആരംഭിച്ച ബ്രാഹിം ക്‌നിനയുടെ മകള്‍ക്കെതിരേയുമാണ് നടപടി. മൂന്ന് വിദ്യാര്‍ത്ഥികളാണ് 18 കാരനായ അബ്ദുല്ലഖ് അന്‍സോറോവിന് കൊല ചെയ്യുന്നതിന് പാറ്റിയെ കാണിച്ചു കൊടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ക്ലാസ് മുറിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാറ്റിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ബ്രാഹിം ക്‌നിനയുടെ മകള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സാമുവേല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഒപ്പം തന്നെ ഫ്രാന്‍സിനെതിരെ മുസ്ലിം രാജ്യങ്ങളില്‍ പ്രതിഷേധവും ശക്തമാണ്.ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസീനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →