ഡൽഹി: ഡൽഹി ചലോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ദില്ലിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ വിട്ടുനല്‍കണമെന്ന പൊലീസ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി.
താല്‍കാലിക ജയിലുകള്‍ക്കായി 9 സ്റ്റേഡിയങ്ങൾ വിട്ടുനല്‍കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സ്‌റ്റേഡിയങ്ങൾ വിട്ടു നൽകരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ് ഛന്ദ രംഗത്തെത്തി. കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊപ്പം നില്‍ക്കരുത്. കര്‍ഷകര്‍ തീവ്രവാദികള്‍ അല്ലെന്നും രാഘവ് ഛന്ദ എം.എല്‍.എ പറഞ്ഞു. തുടര്‍ന്ന് സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
പൊലീസ് നടപടി കർശനമാക്കിയതോടെ കര്‍ഷകര്‍ സംഘങ്ങളായി ഡൽഹി നഗരത്തിനുള്ളില്‍ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വീണ്ടും കൂട്ടിയിട്ടുണ്ട്.
കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിലാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി സുരക്ഷ വിലയിരുത്തി.

