ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഡോ. കല്‍ബെ(83) അന്തരിച്ചു. ന്യൂമോണിയയും ശ്വാസ തടസവും ബാധിച്ചതിനെ തുടര്‍ന്ന് 2020 നവംബര്‍ മാസം 17നാണ് അദ്ദേഹത്തെ ലഖ്‌നോയിലെ ഈറാസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദ രോഗിയായിരുന്നു.
അഖിലേന്ത്യ ശിയ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ശിയ-സുന്നി ഐക്യത്തിനും ഹിന്ദു -മുസ്ലീം സൗഹാര്‍ദ്ദത്തിനും കഠിനമായി യത്‌നിച്ച ആളാണ്. 1939 ല്‍ ലഖ്‌നോവില്‍ ജനിച്ച അദ്ദേഹം സുല്‍ത്താന്‍ മദാരിസ്,അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. അറബി ഭാഷയില്‍ ഡോക്ട്രേറ്റ് നേടിയിരുന്നു.
1984 ല്‍ ലഖ്‌നോയില്‍ തുടക്കമിട്ട തൗഹീദുല്‍ മുസ്ലീമിന്‍ ട്രസ്റ്റിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ആരംഭിച്ചു.പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും കുറഞ്ഞ നിരക്കില്‍ രോഗ ശുശ്രൂഷയും നല്‍കി സാമൂഹ്യ സേവന രംഗത്ത് കല്‍ബെ സാദിഖ് ശ്രദ്ധേയനായി.

