നിര്‍ബ്ബന്ധിത കുംഭസാരം- ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച(26/11/2020) പരിഗണിക്കും

കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് പളളികളിലെ നിര്‍ബ്ബന്ധിത കുംഭസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച(26/11/2020) സുപ്രീം കോടതി പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുംഭസാരം നടത്തിയിരിക്കണമെന്നുളള സഭാ ഭരണഘടനയിലെ ഏഴാംവകുപ്പ് ചോദ്യം ചെയ്ത് സഭാംഗങ്ങളായ കണ്ടനാട് മാത്യു ടി മാത്തച്ചന്‍,പഴന്തോട്ടം ടിവി ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയിട്ടുളളത്.നിര്‍ബ്ബന്ധിത കുംഭസാരവുമായി ബന്ധപ്പെട്ട് പീഡനങ്ങളും,മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കുംഭസാര രഹസ്യം മറയാക്കി വൈദീകര്‍ വിശ്വാസിനികളെ പീഡിപ്പിച്ചതും ഇതേതുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുംഭസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റരില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണ ഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണ് . സഭയിലുളളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്നുളള മുന്‍വിധിയോടെയാണ് കുംഭസാരം നിര്‍ബ്ബന്ധമാക്കിയത്.

വിശ്വാസികള്‍ക്ക് ആത്മീയ സേവനം ലഭിക്കണമെങ്കില്‍ കുംഭസാരിച്ചിരിക്കണമെന്ന വ്യവസ്ഥ ഭരണ ഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ് . വൈദീകര്‍ക്കുമുമ്പില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബ്ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണ്. കുംഭസാരിച്ചില്ലെന്ന കാരണത്താല്‍ ആത്മീയ സേവനങ്ങള്‍ നിഷേധിക്കുന്നത് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →