കൊച്ചി: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കി കേരള സര്‍വ്വകലാശാല വൈസ് ചാൻസലർ ഗവര്‍ണര്‍ക്ക് കത്ത് നല്കി.
കെടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ വിശദീകരണം നൽകാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സര്‍വ്വകലാശാല ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. പ്രബന്ധം മൗലികമല്ലെന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയിലായിരുന്നു ഗവര്‍ണറുടെ നടപടി.
2006 ൽ ജലീൽ സമർപ്പിച്ച മലബാർ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്തു.
നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പരാതിയുമായി മുന്നോട്ടു പോകാനാണ് ആർ എസ് ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ തീരുമാനം. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി.

