ഭോപ്പാൽ: മധ്യപ്രദേശിലെ എ ബി വി പി നേതാവും ഒരു പത്രപ്രവർത്തകനും ഒരേ വളർത്തുനായയുടെ മേൽ അവകാശവാദം ഉന്നയിച്ച പ്രശ്നം പരിഹരിക്കാൻ നായയുടെ ഡി എൻ എ പരിശോധന നടത്താനൊരുങ്ങി മധ്യപ്രദേശ് പൊലീസ്. എ ബി വി പി നേതാവായ ക്രാറ്റിക് ശിവഹാരെയുടെ വീട്ടിൽ ഉളള ലാബ്രഡോർ ഇനത്തിൽ പെട്ട നായ കാണാതായ തന്റെ നായയാണെന്ന് പത്രപ്രവർത്തകനായ ഷാദാബ് ഖാൻ അവകാശപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം.
“മൂന്ന് മാസം മുമ്പ് ഷാദാബ് ഖാൻ തന്റെ മൂന്ന് വയസുള്ള നായയായ ‘കൊക്കോ’യെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നുവെന്ന് ഹൊഷംഗാബാദ് ദേഹാത് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത് ശ്രീവാസ്തവ പറഞ്ഞു.
നവംബർ 18 ന് അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവ് ക്രാറ്റിക് ശിവഹാരെയുടെ വീട്ടിൽ തന്റെ നായയെ കണ്ടെത്തിയതായി ഷാദാബ് ഖാൻ അവകാശപ്പെട്ടു. ഷാദാബ് പോലീസിനെ വിളിച്ച് നായയെ കൂടെ കൊണ്ടുപോയി. പിന്നീട് നവംബർ 19 ന് ശിവഹാരെ പോലീസ് സ്റ്റേഷനിൽ എത്തി നായ തന്റേതാണെന്ന് അവകാശപ്പെട്ടു. നായയുടെ പേര് ടൈഗർ ആണെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇറ്റാർസി എന്ന സ്ഥലത്തു നിന്നും നായയെ വാങ്ങിയതാണെന്നും ശിവഹാരെ അവകാശപ്പെട്ടു ” ശ്രീവാസ്തവ പറഞ്ഞു.’
കൊക്കോ, ടൈഗർ എന്നീ രണ്ട് പേരുകൾക്കും നായ പ്രതികരിക്കുകയാണെന്നും രണ്ട് അവകാശവാദികളുമായും സൗഹൃദത്തിലാണെന്നും ശ്രീവാസ്തവ പറഞ്ഞു.
നായയുടെ ‘അച്ഛനും അമ്മയും ‘ ഇറ്റാർസിയിലാണൈന്ന് എ ബി വി പി നേതാവും അല്ല പഞ്ചമരി എന്ന സ്ഥലത്താണെന്ന് പത്രപ്രവർത്തകനും അവകാശപ്പെട്ടു.
അങ്ങനെയാണ് തങ്ങൾ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച (21/11/20) പോലീസ് പഞ്ചമരിയിലും ഇറ്റാർസിയിലും പോവുകയും നായയുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. തർക്കമുള്ള നായയുടെ രക്തസാമ്പിളുകൾ വെള്ളിയാഴ്ച രാത്രി ജില്ലാ വെറ്ററിനറി ഡോക്ടറും ശേഖരിച്ചു.
പരിശോധന സത്യം വെളിപ്പെടുത്തുമെന്ന് ഖാനും ശിവഹാരെയും പ്രതികരിച്ചു. എന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായി വാക്സിനേഷൻ കാർഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും താൻ പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും ഡിഎൻഎ പരിശോധനയ്ക്ക് താനാണ് നിർബന്ധിച്ചതെന്നും ഖാൻ പറഞ്ഞു.

