കുട്ടികളില്ലാത്ത 200 സ്ത്രീകളെ കമിഴ്ത്തിക്കിടത്തി പിൻഭാഗത്ത് ചവിട്ടി നടന്ന് പുരോഹിതർ, ഛത്തീസ്ഗഡിലെ വിചിത്രമായ ആചാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

റായ്പൂർ: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് വിചിത്രമായ ഒരാചാരം നടക്കാറുണ്ട്. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേഗം കുട്ടികളുണ്ടാകാൻ അവരെ നിരനിരയായി കമിഴ്ത്തിക്കിടത്തി അവരുടെ പിൻഭാഗത്ത് ചവിട്ടി പുരോഹിതർ നടക്കും. ഈ ദീപാവലിക്കും വിചിത്രമായ ഈ വന്ധ്യതാ നിവാരണ ആചാരം അരങ്ങേറി. 200 സ്ത്രീകളെയാണ് പുരോഹിതർ ‘ചവിട്ടു മെത്ത’യാക്കിയത്.

ആചാരത്തോട് യാതൊരു എതിർപ്പുമില്ലാതെ, ഗോത്രമേഖലയിൽ നിന്നുമുള്ള ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി ‘മാധായ് മേള’ എന്നു വിളിക്കുന്ന ഉത്സവത്തിനും ആചാരത്തിനും സാക്ഷ്യം വഹിച്ചു.

കോവിഡ് നിയന്ത്രണങ്ങളും മേളയിൽ പാലിച്ചില്ല. മേളയുടെ ഫോട്ടോകളിലും വീഡിയോകളിലും ആളുകൾ മാസ്ക് ധരിക്കാതെ പരസ്പരം അടുത്ത് നിൽക്കുന്നത് കാണാം. അങ്കർമോട്ടി ദേവിയുടെ ക്ഷേത്രത്തിൽ എല്ലാ വർഷവും ദീപാവലിക്ക് ശേഷം ആദ്യ വെള്ളിയാഴ്ച ഈ മേള നടക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ശനിയാഴ്ച 50 ഓളം ഗ്രാമങ്ങളിൽ നിന്നുള്ള 200 സ്ത്രീകൾ പങ്കെടുത്തു. നിരവധി പുരോഹിതന്മാർ പതാകകളും പിടിച്ച് സ്ത്രീകളെ ചവിട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചു.

പഴക്കമുള്ള ആചാരമാണെന്നും ബോധവൽകരണം പ്രയാസമേറിയതാണെന്നും ചത്തീസ്ഗഡ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ കിരൺമയി നായക് പറഞ്ഞു.

“ഇത് വളരെയധികം ബോധവൽകരണം ആവശ്യമുള്ള ഒന്നാണ് . ഞങ്ങൾ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുടെ സഹായത്തോടെ ഇത്തരം ആചാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും . അവരുടെ മതവികാരം വ്രണപ്പെടുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.”
അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →