മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരായ രണ്ടു മുസ്ലിം വനിതകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. മലപ്പുറത്തു നിന്നും ടി.പി. സുല്‍ഫത്തും ആയിഷ ഹുസൈനുമാണ് മത്സരത്തിനിറങ്ങുന്നത്.
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലാണ് വാണിയമ്പലം കൂറ്റമ്പാറ
സ്വദേശിനി ടി.പി. സുല്‍ഫത്ത് മത്സരിക്കുന്നത്. പ്രദേശത്തെ പ്രമുഖ ബിസിനസ് കുടുംബാംഗമാണ് സുല്‍ഫത്ത്.
ആയിഷ ഹുസൈന് പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് മത്സരിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വരിക്കോട്ടില്‍ ഹുസൈന്റെ ഭാര്യയാണ് ആയിഷ. ഇരുവരും പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു
മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുല്‍ഫത്ത് പറയുന്നു. മുത്തലാഖ് നിരോധനവും പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും ധീരനടപടികളാണ് എന്നാണ് സുൽഫത്തിന്റെ അഭിപ്രായം.
പതിനഞ്ചാം വയസില്‍ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാം. അതിനാൽ മോദി വന്നശേഷം ബി.ജെ.പിയെ നരീക്ഷിക്കാൻ തുടങ്ങി. ബി.ജെ.പിയില്‍ എല്ലാ മത വിശ്വാസികളുമുണ്ടെന്നും സുല്‍ഫത്ത് പറയുന്നു. ആദ്യമായാണ് മത്സര രംഗത്തേക്ക്.
സ്ഥാനാർത്ഥിയാക്കുന്നത് വ്യക്തിപരമായ തീരുമാനമായാണ് കുടുംബം കാണുന്നത്. പ്രവാസിയായ ഭര്‍ത്താവും വീട്ടുകാരും മുസ്ലിം ലീഗുകാരാണ്. സുല്‍ഫത്തിന് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്.
42കാരിയായ ആയിഷ ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. രാജ്യസുരക്ഷയുടെ കാര്യത്തിലെ മോദിയുടെ ധീരനിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്ന് ആയിഷ പറയുന്നു.
ഭർത്താവും ഇത്തവണ മത്സരിക്കുന്നുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എടരിക്കോട് ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവർക്ക് പത്ത് വയസുകാരിയായ മകളുണ്ട്.

