ന്യൂഡല്‍ഹി: തന്റെ ആണ്‍സുഹൃത്തിന് വാട്‌സാപ്പ് സന്ദേശം അയച്ച സഹോദരിക്കുനേരെ 17കാരനായ സഹോദരന്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച 2020 നവംബര്‍ 20ന് ഉച്ചക്കാണ് സംഭവം. വയറിന് വെടിയേറ്റ ജഗ്പരവേഷ് ചന്ദ്ര(16) ആശുപത്രിയില്‍ ചികിത്സയിലാണ്
പെണ്‍കുട്ടി സുഹൃത്തിന് നിരന്തരമായി വാട്‌സാപ്പിലൂടെ സന്ദേശമയക്കുന്നതും ഫോണ്‍ വിളിക്കുന്നതും സഹോദരന്‍ എതിര്‍ത്തിരുന്നു. ഇത് വകവെയ്ക്കാതെ വീണ്ടും തുടര്‍ന്നതോടെ ഇരുവരും വഴക്കിലായി, ഇന്നലെ രാവിലെയും വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വെടിവച്ചത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു.
ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും സലൂണ്‍ ജീവനക്കാരനുമായ സഹോദരനെതിരെ കൊലപാതക ശ്രമത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും ഡല്‍ഹി പോലീസ് കേസെടുത്തു. മാസങ്ങള്‍ക്കുമുമ്പേ മരിച്ചുപോയ സുഹൃത്തില്‍ നിന്നാണ് തോക്ക് കൈവശപ്പെടുത്തിയതെന്ന് യുവാവ് മൊഴി നല്‍കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു .

