ബാംബൊലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൻ്റെ ഏഴാം സീസൺ ആരംഭിച്ചു. തുടക്കക്കളിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി. സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന് ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം 67-ാം മിനിറ്റില്‍ ഫിജി താരം റോയ് കൃഷ്ണ നേടിയ ഗോളാണ് എ.ടി.കെയെ ജയിപ്പിച്ചത്. കളിയുടെ 68 ശതമാനം സമയത്തു പന്ത് കൈവശം വച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു എങ്കിലും ഗോൾ പിറന്നില്ല.
ഒന്നാം പകുതിയില്‍ മെച്ചപ്പെട്ടു നിന്നത് ബ്ലാസേ്റ്റഴ്സാണ്. ചെറിയ പാസുകളിലൂടെ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ അവര്‍ക്കായി. എ.ടി.കെയുടെ പ്രതിരോധം പക്ഷേ മികച്ചുനിന്നു. പ്രതിരോധം ഭേദിച്ച് നല്ല പാസ് നല്കാന് ബ്ലാസേ്റ്റഴ്സിനായില്ല. നിര്‍ണായക സമയങ്ങളിലെ മിസ് പാസുകളും വിനയായി. ബഗാന്റെ സൂസൈരാജ് പരുക്കേറ്റ് പുറത്ത് പോയ ആനുകൂല്യം നേടാനും ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല.
കിബു വികുനയുടെ കീഴില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നല്കുന്ന പ്രകടനം പുറത്തെടുത്തു. പൊസെഷന്‍ ഗെയിം കളിച്ച ടീം രണ്ടാം പകുതിയില്‍ എ.ടി.കെയെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കി. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബ്ലാസേ്റ്റഴ്സ് ഗോള്‍ വഴങ്ങേണ്ടതായിരുന്നു. റോയ് കൃഷ്ണയ്ക്കു പന്ത് കണക്ട് ചെയ്യാന്‍ കഴിയാത്തതു ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
സാവി ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് കൃഷ്ണ്ക്കാണു നേരെയായിരുന്നു. ബോക്സനികത്തു വച്ചു കിട്ടിയ പന്ത് താരത്തിന് വലയിലാക്കാനായില്ല. 34-ാം മിനിറ്റില്‍ കൃഷ്ണയ്ക്കു വീണ്ടും അവസരം ലഭിച്ചു. മധ്യനിരയില്‍നിന്നു ഹാല്ഡല് നീട്ടി നല്കിയ പന്തുമായി കുതിച്ച കൃഷ്ണയുടെ ലോങ്റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നു. രണ്ടാം പകുതിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ ബ്ലാസേ്റ്റഴ്സ് മുന്നിലെത്തേണ്ടതായിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നഷ്ടപ്പെടുത്തി. ഇടതുവിങില്നിന്നു ജെസല്‍ നല്കിയ ക്രോസ് കൊല്‍ക്കത്തക്കാര്‍ക്ക് ക്ലിയര്‍ ചെയ്യാനായില്ല. പന്ത് കിട്ടിയത് സഹലിന്റെ പക്കല്‍ ഗോളടിക്കാനുള്ള ശ്രമത്തിനിടെ സഹല്‍ നിയന്ത്രണം വിട്ടു വീണു. 67-ാം മിനിറ്റിലാണു കളിയുടെ ഗതിക്കു വീപരീതമായി ഗോള്‍ വീണത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍.
ടീമിന്റെ പ്രകടനത്തില്‍ നിരാശയില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന പറഞ്ഞു. അടുത്ത മത്സരത്തില്‍ പിഴവുകള്‍ തിരുത്തുമെന്നും വികുന പറഞ്ഞു. വിസ പ്രശ്നങ്ങള്‍ കാരണം വിദേശ താരങ്ങള്‍ പലരും വൈകിയാണു വന്നത്. അവര്‍ക്കു കൂടുതല്‍ സമയം ആവശ്യമാണ്. മുഴുവന്‍ ടീമിനും ശാരീരികമായി മാത്രമല്ല തന്ത്രപരമായും കൂടുതല്‍ സമയം ആവശ്യമാണെന്നും വികുന പറഞ്ഞു. കഴിഞ്ഞ സീസണില്‍ ആവേശകരമായ ഫുട്ബോള്‍ കളിച്ചുകൊണ്ട് വികുനയുടെ ശിക്ഷണത്തില്‍ മോഹന്‍ ബഗാന് ഐ ലീഗ് കിരീടം നേടിയിരുന്നു

