തൃശൂര്‍: തൃശൂര്‍ ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ നിന്ന് 2.20 ലക്ഷം രൂപ മോഷ്ടിച്ച പീച്ചി പുളിക്കല്‍ സന്തോഷ്(കല്‍ക്കി 38) പോലീസ് കസ്റ്റഡിയലായി. മോഷണം പോയതിന് പിന്നാലെ കളളനെ നാട്ടുകാരുടെ മുന്നിലെത്തിച്ച് പോലീസ്. ചിറക്കേക്കോട് സൗഹൃദ കൂട്ടായ്മ പാവങ്ങളെ സഹായിക്കാനായി സ്വരൂപിച്ച് മടിച്ചിപ്പാറ രവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. മോഷ്ടാവ് വീട് കുത്തി തുറക്കുകയോ വാതില്‍ പൊളിക്കുകയോ ചെയ്തിരുന്നില്ല . രവിയും കുടുംബവും വീട് പൂട്ടി പുറത്തുപോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇത് വീട്ടുകാരെ സംശയത്തിന്റെ നിഴലിലാക്കി.
വീടുപൂട്ടി പുറത്തുപോയപ്പോള്‍ വീടിന് മുന്‍വശത്തെ തൂണിന് മുകളിലാണ് താക്കോല്‍ വച്ചിരുന്നത് . വീട്ടുകാര്‍ പോയ തക്കം നോക്കി താക്കോല്‍ എടുത്ത് ഉളളില്‍ കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. സമാനരീതിയില്‍ മോഷണം നടത്തി പിടിയിലായിട്ടുളള സന്തോഷിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സന്തോഷിനെ പിടികൂടി ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.
തുടര്‍ന്ന് സന്തോഷിനേയും കൂട്ടി രവിയുടെ വീട്ടിലെത്തിയ പോലീസ് സംഘം നാട്ടുകാര്‍ക്കുമുന്നില്‍ വാസ്തവം അവതരിപ്പിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്. വീട്ടുകാര്‍ പുറത്തുപോകുന്ന തക്കം നോക്കി ജനാലപടികളിലും, ചെടിച്ചട്ടിയിലുമൊക്കെ പരതി താക്കോല്‍ കണ്ടെത്തി മോഷണം നടത്തുന്നതില്‍ വിദഗ്ദനാണ് സന്തോഷ് . മാടക്കത്തറ. തൈക്കാട്ടുശേരി, കുറ്റുമുക്ക്, മരോട്ടിച്ചാല്‍ തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയില്‍ സന്തോഷ് മോഷണം നടത്തിയിരുന്നു.
മണ്ണുത്തി എസ്.എച്ച്ഒ ശശിധരന്‍പിളള ,എസ്‌ഐമാരായ കെ പ്രദീപ് കുമാര്‍, കെകെസുരേഷ്, നിഴല്‍ പോലീസ് എസ്‌ഐമാരായ ടി.ആര്‍ ഗ്ലാഡ്‌സ്റ്റണ്‍, രാജന്‍, എന്‍ജി സുവൃതകുമാര്‍, പിഎം റാഫി, എഎസ്‌ഐമാരായ പി.രാഗേഷ്, കെ ഗോപാലകൃഷ്ണന്‍, സിപിഓമാരായ ടിവി ജീവന്‍, പികെ പഴനിസ്വാമി, കെബി വിബിന്‍ദാസ് എന്നിവര്‍ അടങ്ങുന്ന സംഘംമാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.