തൃക്കാക്കരയിൽ 5 വർഷത്തിനിടെ ഇടതും വലതുമായി 6 തവണ ചെയർമാൻമാർ മാറി വന്നു, ഇത്തവണ തിരുത്താൻ ജനമുന്നേറ്റം കൂട്ടായ്മ

എറണാകുളം: ‘ഇടതു മാറി വലതു മാറി നീട്ടി ഒഴിഞ്ഞ് ‘ കളരിപ്പയറ്റിലെ ചുവടുകൾ പോലെയാണ് തൃക്കാക്കര നഗരസഭയുടെ ഭരണം. കഴിഞ്ഞ 5 വർഷത്തിനിടെ നഗരസഭയിൽ ചെയർമാനെ മാറ്റി പ്രതിഷ്ഠിച്ചത് 6 തവണ. ഒരൊറ്റ കൗൺസിലറുടെ ഭൂരിപക്ഷം വച്ച് എൽ ഡി എഫും യു ഡി എഫും ടെന്നീസ് കോർടിൽ പന്ത് തട്ടുന്നതു പോലെ ഭരണം തട്ടിക്കളിച്ചു. ഇത്തരം ദുരവസ്ഥകൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ് ജനമുന്നേറ്റം എന്ന സ്വതന്ത്ര കൂട്ടായ്മ.

കിഴക്കമ്പലത്തെ ട്വൻ്റി ട്വൻ്റി മാതൃകയിൽ സി എസ് ആർ ഫണ്ടുൾപ്പടെ പ്രയോജനപ്പെടുത്തി തൃക്കാക്കരയിലെ ജനജീവിതത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് ജനമുന്നേറ്റത്തിൻ്റെ ലക്ഷ്യമെന്ന് കൂട്ടായ്മയുടെ കോ ഓഡിനേറ്റർ അഡ്വ ജോൺ ജോസഫ് സമദർശിയോട് പറഞ്ഞു.

” കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള , ഏറ്റവും കൂടുതൽ മനുഷ്യവിഭവമുള്ള ഒരു നഗരസഭയാണ് തൃക്കാക്കര. കിഴക്കമ്പലത്തെ കീറ്റക്സിനെ പോലെ സി എസ് ആർ ഫണ്ട് ലഭ്യമാക്കാവുന്ന നിരവധി വ്യവസായ സംരംഭങ്ങൾ ഇവിടുണ്ട്. അതിൻ്റെ ചെറിയൊരു വിഹിതം ഉണ്ടായാൽ തന്നെ നഗരസഭയ്ക്ക് നൂതനമായ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാധിക്കും. അഴിമതി രഹിതവും കാര്യക്ഷമവുമായ ഒരു ഭരണ സമിതി നഗരസഭയിൽ ഉണ്ടെങ്കിൽ ഇത്തരം ഫണ്ടുകൾ തീർച്ചയായും ലഭ്യമാകും ” അഡ്വ ജോൺ ജോസഫ് പറഞ്ഞു.

” ആകെ 43 വാർഡുകളുള്ള നഗരസഭയിൽ 37 ലും ജനമുന്നേറ്റം സ്ഥാനാർത്ഥികളെ നിർത്തിക്കഴിഞ്ഞു. 26 ഇടത്ത് മൂന്നാഴ്ച മുൻപേ തന്നെ പ്രചരണവും തുടങ്ങിയിട്ടുണ്ട്. വികസനം എന്നു പറഞ്ഞ് കുറേ കോൺക്രീറ്റ് നിർമിതികൾ ഉണ്ടാക്കുകയാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ ജനമുന്നേറ്റം ഇത്തരം ‘കോൺക്രീറ്റ് വികസനത്തെ ‘ പുരോഗതി എന്നു തിരുത്തുന്നു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ സുസ്ഥിര കാഴ്ചപ്പാടോടെ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. “
അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →