കാൻബെറ: ഓസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് അഫ്ഗാനിസ്ഥാനിലെ നിരായുധരായ 39 തടവുകാരെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയതായി അന്വേഷണ റിപ്പോർട്ട്. 2005 നും 2016 നും ഇടയിൽ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ പ്രത്യേക സേനാംഗങ്ങൾ നടത്തിയ ക്രൂരതകൾ പുറത്തു കൊണ്ടുവന്നത് ഓസ്ട്രേലിയൻ സേന തന്നെ നടത്തിയ അന്വേഷണമാണ്. ഓസ്ട്രേലിയൻ സൈനിക മേധാവി ആംഗസ് ജോൺ കാമ്പെലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 23 വ്യത്യസ്ത സംഭവങ്ങളിലായി 25 ഓസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ 39 നിയമവിരുദ്ധ കൊലപാതകങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. നിരായുധരായ സാധാരണക്കാരെ വെടിവച്ചു കൊല്ലാൻ മുതിർന്ന കമാൻഡോകൾ ജൂനിയർ സൈനികരെ നിർബന്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായി സൈനിക മേധാവി പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്ന ഉടൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ ഫോണിൽ ബന്ധപ്പെട്ട് ഖേദം രേഖപ്പെടുത്തി.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും വിരമിച്ചവരുമായ 19 സൈനികരെ ക്രിമിനൽ പ്രോസിക്യൂഷനായി റഫർ ചെയ്യുമെന്ന് ഓസ്ട്രേലിയ വ്യാഴാഴ്ച (19/11/20) അറിയിച്ചു.
ഈ കൊലപാതകങ്ങളെല്ലാം “യുദ്ധത്തിന് പുറത്തായിരുന്നു, ജനറൽ ക്യാമ്പെൽ പറഞ്ഞു.
“ഈ കണ്ടെത്തലുകൾ സൈനിക പെരുമാറ്റത്തിന്റെയും പ്രൊഫഷണൽ മൂല്യങ്ങളുടെയും ഏറ്റവും ഗുരുതരമായ ലംഘനമാണ്,” അദ്ദേഹം കാൻബെറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“സിവിലിയന്മാരെയും തടവുകാരെയും നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നത് ഒരിക്കലും സ്വീകാര്യമല്ല.”
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തടവുകാരും കൃഷിക്കാരും മറ്റ് അഫ്ഗാൻ പ്രദേശവാസികളുമാണ്.
ഓസ്ട്രേലിയക്കാർക്ക് ബുദ്ധിമുട്ടുള്ളതും വിഷമകരവുമായ വാർത്തകൾ റിപ്പോർടിൽ ഉൾപ്പെടുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

