തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിൽ മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസും സര്‍ക്കാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ ഒരു ഫാന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആണെന്നും ഒരു ഫാനിന്റെ മോട്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പറയാന്‍ കഴിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോറന്‍സിക് ഓഫീസിലെ മൂന്ന് വാള്‍ ഫാനുകളും ഫാനുകളുടെ വയറുകളും പരിശോധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അഗ്നിബാധയുണ്ടാകാന്‍ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നു.